29 C
Trivandrum
Wednesday, February 5, 2025

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും, സഞ്ജു ടീമിലില്ല

മുംബൈ: അടുത്തമാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടിയില്ല. ശുഭ്മാൻ ഗില്ലിനെ ഉപനായകനാക്കി. നേരത്തെ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടായിട്ടും ഗില്ലിനാണ് ചുമതല നല്‍കിയത്‌. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ നയിച്ചത് ഗില്ലായിരുന്നു. ആ പരമ്പരയിലെ ക്യാപ്റ്റന്‍സി കൂടി വിലയിരുത്തിയാണ് തീരുമാനമെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Follow the FOURTH PILLAR LIVE channel on WhatsApp 

സഞ്ജുവിന് പകരം രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന പരിഗണനയിലാണ് കെ.എൽ.രാഹുല്‍ ടീമില്‍ ഇടംപിടിച്ചത്. പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന മുഹമ്മദ് ഷമി തിരിച്ചെത്തി. ജസ്പ്രീത് ബുംറ പരിക്കില്‍ നിന്ന് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഹര്‍ഷിത് റാണെയെ പകരക്കാരനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

ടീം

    1. രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
    2. ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍)
    3. യശസ്വി ജയ്‌സ്വാള്‍
    4. വിരാട് കോലി
    5. ശ്രേയസ് അയ്യര്‍
    6. കെ.എല്‍.രാഹുല്‍
    7. ഋഷഭ് പന്ത്
    8. ഹര്‍ദിക് പാണ്ഡ്യ
    9. രവീന്ദ്ര ജഡേജ
    10. അക്‌സര്‍ പട്ടേല്‍
    11. വാഷിങ്ടണ്‍ സുന്ദര്‍
    12. കുല്‍ദീപ് യാദവ്
    13. ജസ്പ്രിത് ബുംറ
    14. മുഹമ്മദ് ഷമി
    15. ആര്‍ഷ്ദീപ് സിങ്

ഫെബ്രുവരി 19നാണ് പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് നിലപാടെടുത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ്. ഫെബ്രുവരി 12 വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.

വിജയ് ഹസാരെ ക്രിക്കറ്റില്‍ കളിക്കാതിരുന്നത് സഞ്ജു സാംസണ് തിരിച്ചടിയായെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച രീതിയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കാത്തതില്‍ ബി.സി.സി.ഐ.ക്കെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. 16 ഏകദിനങ്ങളില്‍നിന്ന് 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി സഞ്ജു ഏകദിനം കളിച്ചത്. അന്ന് 108 റണ്‍സ് നേടി കളിയിലെ താരമായി. പിന്നീട് ലഭിച്ച അവസരങ്ങളെല്ലാം ടി20-യിലാണ്. അവയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് ടീം സ്‌ക്വാഡിനെ നിശ്ചയിച്ചത്. സെലക്ഷന്‍ പ്രക്രിയക്കിടെ, സഞ്ജുവിന്റെയും ഹാര്‍ദിക്കിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ചര്‍ച്ച നീണ്ടുപോവുന്നതിലേക്ക് നയിച്ചു. ചര്‍ച്ച നീണ്ടതോടെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനവും നീണ്ടു.

ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കാനാണ് കോച്ച് ഗംഭീറിന് താത്പര്യമുണ്ടായിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ഇത് എതിര്‍ത്തു. ഗില്‍ വൈസ് ക്യാപ്റ്റനാവട്ടെ എന്നതായിരുന്നു ഇരുവരുടെയും നിലപാട്. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ സഞ്ജു സാംസണ്‍ രണ്ടാം കീപ്പറാവട്ടെയെന്നായിരുന്നു ഗംഭീർ പറഞ്ഞു. ആദ്യ ചോയ്‌സായി കെ.എല്‍.രാഹുല്‍ വരട്ടെയെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഋഷഭ് പന്ത് വരട്ടെയെന്ന അഗാര്‍ക്കറിന്റെയും രോഹിത്തിന്റെയും നിലപാട് അംഗീകരിക്കപ്പെട്ടു. രാഹുൽ രണ്ടാം കീപ്പറുമായി.

അതിനിടെ സഞ്ജുവിനെക്കുറിച്ചുള്ള ഗംഭീറിന്റെ പഴയ ഒരു പ്രസ്താവന ഇപ്പോള്‍ വൈറലാകുന്നുണ്ട്. 2020-ലെ വീഡിയോ ആണ് പ്രചരിക്കുന്നത്. സഞ്ജു സാംസണ്‍ ഇന്ത്യക്കുവേണ്ടി കളിച്ചില്ലെങ്കില്‍ നഷ്ടം സഞ്ജുവിനല്ല, ടീം ഇന്ത്യക്കാണെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. സഞ്ജു തിരിച്ചുവരുമെന്നും ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററായി മാറാന്‍ സാധ്യതയുള്ള ബാറ്ററെയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്നും ഗംഭീര്‍ പറയുന്നുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks