Follow the FOURTH PILLAR LIVE channel on WhatsApp
ക്വലാലംപുർ: അണ്ടർ-19 വനിതാ ട്വന്റി-20 ലോകകപ്പിൽ വീണ്ടും ഇന്ത്യൻ മുത്തം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കപ്പുയർത്തിയത്. പ്രഥമ ടൂർണമെന്റിൽ കിരീടംനേടിയ ഇന്ത്യൻസംഘം ആധികാരികമായി തന്നെ കിരീടം നിലനിർത്തി.
ഫൈനലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കളിയുടെ സർവമേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി.
കന്നിക്കിരീടം ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്ക നിരാശയോടെ മടങ്ങി. അപരാജിതരുടെ പോരാട്ടം കണ്ട ഫൈനലിൽ ഇന്ത്യ വിജയം തുടർന്ന് രണ്ടാം കിരീടം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 82 റണ്‍സിന് ഓള്‍ഔട്ടായി.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 23 റണ്‍സെടുത്ത സിക് വാന്‍ വൂസ്റ്റാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജെമ്മ ബോത്ത 16 റണ്‍സും ഫേ കൗളിങ് 15 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ കരാബോ മീസോ 10 റണ്ണെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.ഇന്ത്യക്കായി ഗൊംഗാദി തൃഷ 3 വിക്കറ്റെടുത്തപ്പോള്‍ ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ 2 വീതം വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റേന്തിയത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു. തൃഷ വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. എന്നാല്‍ ടീം സ്‌കോര്‍ 36ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. ജി.കമാലിനി 8 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാല്‍ക്കെയും വെടിക്കെട്ട് പുറത്തെടുത്തതോടെ ഇന്ത്യ വിജയമുറപ്പിച്ചു. തൃഷ 44 റണ്‍സും സനിക 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
44 റൺസ് നേടുകയും 15 റൺസിന് 3 വിക്കറ്റെടുക്കുകയും ചെയ്ത് മികച്ച ഓൾറൌണ്ട് പ്രകടനം കാഴ്ചവെച്ച ഗൊംഗാദി തൃഷ ഫൈനലിലെ താരമായി. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺ നേടിയതും തൃഷ തന്നെ -309 റൺസ്. ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയതും ഇന്ത്യൻ താരം തന്നെയാണ് -17 വിക്കറ്റുകൾ വീഴ്ത്തിയ വൈഷ്ണവി ശർമ്മ.
ടൂർണമെന്റിലുടനീളം മിന്നും ഫോം കാഴ്ചവെച്ച മലയാളി താരവും പേസ് ബൗളറുമായ വി.ജെ.ജോഷിത കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. 6 വിക്കറ്റ് നേടിയ വയനാട്ടുകാരി ടൂർണമെന്റിലെ ആദ്യകളിയിൽ വിൻഡീസിനെതിരേ 5 റൺസിന് 2 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.