Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: അര്‍ജൻ്റീനയേയും മെസിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും കൂട്ടരും ഒക്ടോബര്‍ 25ന് കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം.
നവംബര്‍ 2 വരെ മെസിപ്പട കേരളത്തിലുണ്ടാകും. 2 സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. മെസിയുടെ കടുത്ത ആരാധകര്‍ക്ക് കാണാനായി മെസി 20 മിനിറ്റിലേറെ പൊതുവേദിയിലുണ്ടാകും.
2022ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതാണ് കേരളത്തിലേക്കുള്ള വരവിന് വഴിമരുന്നിട്ടത്.സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജൻ്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചത് കേരളത്തിന് ഭാഗ്യമായി മാറിയത്. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിൻ്റെ പിന്മാറ്റത്തിന് കാരണം.
ഇതോടെ അര്‍ജൻ്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡൻ്റ് ക്ലോഡിയോ ടാപിയക്ക് അബ്ദുറഹിമാൻ കത്തയച്ചു.
ഈ വര്‍ഷം ആദ്യം അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തി. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ ഇ മെയിലും ലഭിച്ചു.