29 C
Trivandrum
Thursday, February 6, 2025

കെ-സ്റ്റോർ, സപ്ലൈകോ വഴിയുള്ള എം.എസ്.എം.ഇ ഉത്പന്ന വിപണനം വിപുലപ്പെടുത്താൻ പദ്ധതി

    • കെ-സ്റ്റോർ മുഖേന കഴിഞ്ഞ വർഷം വിറ്റത് 6 കോടി രൂപയുടെ എം.എസ്.എം.ഇ. ഉത്പനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കെ-സ്റ്റോറുകൾ വഴിയും സപ്ലൈകോ വില്പന കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നത് വിപുലപ്പെടുത്താൻ മന്ത്രിതല യോഗത്തിൻ്റെ തീരുമാനം. വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയിലൂടെ നിലവിൽ വന്ന സംരംഭങ്ങൾക്ക് വിപണി ഉറപ്പാക്കാൻ സർക്കാർ തന്നെ ഇതിലൂടെ സംവിധാനമൊരുക്കുകയാണ്. വ്യവസായ മന്ത്രി പി.രാജീവ് , ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

Follow the FOURTH PILLAR LIVE channel on WhatsApp 

കഴിഞ്ഞ ഒരു വർഷം മാത്രം 6 കോടി രൂപയുടെ എം.എസ്.എം.ഇ. ഉത്പന്നങ്ങൾ കെ-സ്റ്റോറുകളിലൂടെ വില്പന നടത്തി. നിലവിലുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മന്ത്രിതല യോഗം പദ്ധതി തയ്യാറാക്കി. നാലിന പരിപാടിയാണ് ഉടൻ നടപ്പാക്കുക. കെ-സ്റ്റോറുകൾക്ക് പുറമേ മാവേലി സ്റ്റോറുകള്‍, മൊബൈല്‍ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്പന കേന്ദ്രങ്ങളിൽ എം.എസ്.എം.ഇകള്‍ക്കായി പ്രത്യേക റാക്ക് സ്പേസ് നൽകും. ഈ സ്ഥലം എം.എസ്.എം.ഇകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കാനും വില്പനക്കുമുള്ള അവസരമൊരുക്കും.

ഇ-കൊമേഴ്സ്  സംയോജനം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. സപ്ലൈകോയുടെ ഇ കൊമേഴ്സ് ഔട്ട്ലെറ്റുകളില്‍ എം.എസ്.എം.ഇ. ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റു ചെയ്യും. വളരുന്ന ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കാൻ എം.എസ്.എം.ഇകൾക്ക് ഇത് അവസരമൊരുക്കും. സപ്ലൈകോയുടെ ഓപൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സിൻ്റെ (ഒ.എന്‍.ഡി.സി.) ലിങ്കേജ് എം.എസ്.എം.ഇ കൾക്ക് ലഭ്യമാക്കുകയും ചെയ്യും.

വാടക പിന്തുണ നൽകുന്നതിലൂടെ എം.എസ്.എം.ഇകളുടെ ഭാരം ലഘൂകരിക്കും. വില്പന കേന്ദ്രങ്ങളിൽ അനുവദിച്ചിട്ടുള്ള റാക്ക് സ്ഥലം ഉപയോഗിക്കാനുള്ള വാടക പിന്തുണ ഉറപ്പാക്കും. എം.എസ്.എം.ഇകൾക്ക് ഉത്പന്ന വികസനത്തിലും വിപണന തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായകരമാകും.

സംസ്ഥാനത്തെ 929 കെ-സ്റ്റോറുകളിൽ 780 എണ്ണവുമായും എം.എസ്.എം.ഇകളെ ബന്ധപ്പെടുത്തിക്കഴിഞ്ഞു. കറി പൗഡറുകൾ, ഭക്ഷ്യ വസ്തുക്കൾ, ശർക്കര, എൽ.ഇ.ഡി. ബൾബുകൾ, ആയുർവേദ ഉത്പന്നങ്ങൾ, തേൻ, മില്ലറ്റ്, നെയ്യ്, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ, എഫ്.എം.സി.ജി. ഉത്പന്നങ്ങൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങളാണ് കെ-സ്റ്റോറുകൾ വഴി വിറ്റഴിച്ചത്.

രണ്ട് വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ എം.എസ്.എം.ഇ കളെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മന്ത്രിമാരായ രാജീവും അനിലും പറഞ്ഞു. സംരംഭകരായി മാറിയവർക്ക് എല്ലാ തലത്തിലും സർക്കാർ പിന്തുണ ഒരുക്കുകയാണ്. ആശയം രൂപവത്കരിക്കുന്നതു മുതൽ ഉത്പന്നം വിറ്റഴിക്കുന്നതു വരെ എല്ലാ തലങ്ങളിലും നൽകുന്ന പിന്തുണ ഇന്ത്യയിൽ ആദ്യ അനുഭവമായിരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഇതിനായി ഭക്ഷ്യവകുപ്പ് നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks