29 C
Trivandrum
Monday, January 13, 2025

വായ്പകളിൽ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രത്യേക ക്യാമ്പയിൻ

തിരുവനന്തപുരം: പലിശയിലും കൈകാര്യച്ചെലവുകളിലുമടക്കം നിരവധി വായ്പാ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഫിനാൻഷ്യൽ കോർപറേഷൻ. 2024-25 സാമ്പത്തികവർഷത്തിൽ 4,750 കോടി രൂപയുടെ വായ്പ അനുവദിച്ച് അതുവഴി സംസ്ഥാനത്തെ സാമ്പത്തിക-വ്യാവസായിക വളർച്ച ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ഡിസംബർ 5 മുതൽ 2025 ഫെബ്രുവരി 5 വരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ക്യാമ്പയിൻ അവതരിപ്പിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വായ്പകൾക്കൊപ്പം അവതരിപ്പിക്കുന്ന ഈ ഓഫർ ക്യാമ്പയിൻ കാലയളവിൽ വായ്പാ കൈകാര്യച്ചെലവുകളിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. 2025 മാർച്ച് 31ന് മുൻപ് അനുവദിക്കപ്പെടുന്ന വായ്പകൾക്കായിരിക്കും ഈ ഇളവ് ലഭ്യമാകുക. ഇതുകൂടാതെ സുശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ള വ്യവസായങ്ങൾക്ക് പലിശയിൽ 0.5 ശതമാനം വരെ ഇളവ് ലഭിക്കും.

കെ.എഫ്.സിയുടെ അടിസ്ഥാന പലിശനിരക്കായ 9.5 ശതമാനം വരെയുള്ള നിരക്കുകൾ ഇതുവഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. പരിചയസമ്പത്തുള്ള നിക്ഷേപകരുടെ പുതിയ പ്രോജക്ടുകൾക്ക് അവരുടെ മാതൃസ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനം വിലയിരുത്തിയാകും ഇത്തരത്തിൽ പലിശയിളവ് നൽകുക. കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ അതുല്യമായ വളർച്ചയും നേട്ടങ്ങളുമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ കൈവരിച്ചിട്ടുള്ളത്.

സ്ഥാപനത്തിന്റെ മൊത്തലാഭം 6.58 കോടി രൂപയിൽ നിന്നും 1,025.23 ശതമാനം വർധിച്ച് 74.04 കോടി രൂപയായപ്പോൾ വായ്പാ ആസ്തി 4,621 കോടി രൂപയിൽ നിന്ന് 7,368.32 കോടി രൂപയായി വർധിച്ചിട്ടുമുണ്ടെന്ന് ധനകാര്യ മന്ത്രി അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks