ചെന്നൈ: വെള്ളിത്തിരയെ തീപ്പിടിപ്പിച്ച സിൽക്ക് സ്മിത കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 28 വർഷമായി. എന്നിട്ടും ആ മാദകസുന്ദരിക്കു പിന്നാലെയാണ് സിനിമാലോകം. സിൽക്ക് സ്മിത വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. അവരുടെ ജീവിതം പ്രമേയമാക്കുന്ന സിൽക്ക് സ്മിത ക്വീൻ ഓഫ് ദ സൗത്ത് എന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ നടിയും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയാകുന്നത്.
സ്മിതയുടെ 64-ാം ജന്മദിനമായ തിങ്കളാഴ്ചയാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. നായിക ചന്ദ്രിക രവി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രത്തെക്കുറിച്ചുള്ള ചെറു വീഡിയോ പോസ്റ്റ് ചെയ്തു. ‘കാലാതീത സുന്ദരി സിൽക്ക് സ്മിതയ്ക്ക് ജന്മദിനാശംസകൾ. അവരുടെ കുടുംബത്തിന്റെ അനുഗ്രഹത്തോടെ സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത് എന്ന് പേരിട്ടിരിക്കുന്ന അവരുടെ ജീവിത ചിത്രത്തെ കൃതജ്ഞതാപൂർവ്വം അവതരിപ്പിക്കട്ടെ’ -ചന്ദ്രിക എഴുതി.
സിൽക്ക് അഭിനയിച്ച 1984ലെ വാഴ്കൈ എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പിറന്ന മെല്ല മെല്ലയാണ് വീഡിയോയുടെ പശ്ചാത്തലം. തന്റെ മുന്നിലെത്തുന്ന പത്രമാസികകളിൽ സിൽക്ക് സ്മിതയെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു നിൽക്കുന്നതു കണ്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ പി.എയോട് ‘ആരാണീ സിൽക്ക്?’ എന്നു ചോദിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അതിന് പി.എ. നല്കുന്ന മറുപടിയിൽ സിൽക്കിനെക്കുറിച്ച് എല്ലാമുണ്ട് -‘മാഡം താങ്കൾ ഉരുക്കുവനിതയാണെങ്കിൽ അവർ കാന്തവനിതയാണ്.’
ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ്.ടി.ആർ.ഐ. സിനിമാസിന്റെ ബാനറിൽ എസ്.ബി.വിജയ് അമൃതരാജ് നിർമ്മിക്കുന്നു. വിദ്യാ ബാലൻ നായികയായി അഭിനയിച്ച ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിനു ശേഷം ഒരിക്കൽ കൂടി സ്മിതയുടെ ജീവിതം ഒരു സിനിമയ്ക്കു പ്രചോദനമാവുകയാണ്.
നടിയുടെ എരിവുള്ള ജീവിതം അവതരിപ്പിക്കുന്നതിനൊപ്പം സിൽക്ക് സ്മിതയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. അതിൽ സ്മിതയുടെ വിഖ്യാതമായ പോസ് പുനഃസൃഷ്ടിച്ചത് വലിയ ചർച്ചയായി. അടുത്ത വർഷം ചിത്രീകരണമാരംഭിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി 5 ഭാഷകളിൽ റിലീസ് ചെയ്യും.