പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടുത്തളത്തിൽ ഏറ്റുമുട്ടി. ബി.ജെ.പി. ഭരിക്കുന്ന കൗൺസിലിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.
Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട് നഗരസഭയിലെ ബി.ജെ.പിയുടെ വോട്ട് എവിടെ പോയെന്ന് സി.പി.എം. കൗൺസിലർമാർ ചോദിച്ചു. ബി.ജെ.പിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സി.പി.എമ്മിന് എന്തു കാര്യമെന്ന് മറുചോദ്യവും ഉയർന്നു.
ചെയർപഴ്സൺ പ്രമീള ശശിധരൻ അംഗങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തർക്കം കൈയാങ്കളിയിലേക്ക് നീളുകയായിരുന്നു. സി.പി.എം. അംഗങ്ങളും ചെയർപഴ്സണും തമ്മിലും വാക്കുതർക്കമുണ്ടായി. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും ചെയർപഴ്സൺ അറിയിച്ചു.
യു.ഡി.എഫിലെ കൗൺസിലർമാരെ ചർച്ചയ്ക്കു വിളിക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി. എന്നാൽ ഇതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ചെയർപഴ്സണെതിരെ സി.പി.എം. അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ ബി.ജെ.പി. അംഗങ്ങളും അവിടേക്കെത്തി.
ഇതിനിടെ ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം എൻ.ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നു മൂന്നു പാർട്ടിയിലെയും അംഗങ്ങളും പരസ്പരം ഏറ്റുമുട്ടി. ഒടുവിൽ ഏറെ നേരത്തിന് ശേഷമാണ് അംഗങ്ങളെ ശാന്തരാക്കി ഇരുത്തിയത്.