തൃശ്ശൂർ: നാട്ടികയിൽ പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
നാട്ടിക ജെ.കെ. തിയറ്ററിനടുത്ത് പുലർച്ചെ നാലിനാണ് അപകടം ഉണ്ടായത്. കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4), വിശ്വ(1) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ച് പേരും മരിച്ചു. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു.
ബാരിക്കേഡ് തകർത്തുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.