Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍കടവില്‍ നിന്നാണ് തുമ്പ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു.
പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച.ഒയ്ക്കാണു വിവരം ലഭിച്ചത്. പൊലീസ് വ്യാപകമായി വലവിരിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മാറി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന വിവരമാണ് പൊലീസിന് തുടർന്നു ലഭിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. തുമ്പ സ്‌റ്റേഷനില്‍നിന്ന് വഞ്ചിയൂര്‍ സ്‌റ്റേഷനിലേക്ക് എത്തിച്ച ബെയ്‌ലിന്‍ ദാസിനെ ചോദ്യം ചെയ്തതിന് ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകപാറശ്ശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) ആണ് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ മര്‍ദിച്ചത്. മോപ് സ്റ്റിക് കൊണ്ട് മര്‍ദിക്കുകയായിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു സംഭവം.
സംഭവത്തില്‍ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷനില്‍നിന്ന് താത്കാലികമായി പുറത്താക്കി. മര്‍ദനമേറ്റ ജെ.വി.ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതോടെ ബെയ്‌ലിൻ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബെയ്‌ലിന്‍ ദാസ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ബെയ്‌ലിന്‍ ദാസ് പിടിയിലായിരിക്കുന്നത്.
തൻ്റെ ജൂനിയറായ ശ്യാമിലിയെ മര്‍ദിച്ച ശേഷം ബെയ്‌ലിൻ ദാസ് വലിയതുറ കോസ്റ്റല്‍ സ്പെഷല്‍റ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഖത്തു പരുക്കേറ്റെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടര്‍ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പൊലീസ് കരുതുന്നത്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.

































