Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരിലെത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥി എം.സ്വരാജിന് വൻ വരവേല്പ്. റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലിയാണ് സ്വീകരണം നൽകുന്നതിനെത്തിയത്. ‘പോരാളികളുടെ പോരാളി’ എന്ന മുദ്രാവാക്യമുയർത്തിയാണ് സ്വരാജിനെ സി.പി.എം. പ്രവർത്തകർ വരവേറ്റത്.
വ്യത്യസ്ത രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നവരുൾപ്പെടെ നാടാകെ ഒഴുകിയെത്തിയിരിക്കുകയാണെന്നും ഹൃദയപൂർവം ആ പിന്തുണ സ്വീകരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. അൻവറിൻ്റെ നീക്കങ്ങൾ എൽ.ഡി.എഫിൻ്റെ പ്രശ്നമല്ല മറിച്ച് യു.ഡി.എഫിൻ്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
കൊടിയുടെ നിറങ്ങൾക്കപ്പുറത്ത് ലഭിക്കുന്ന എല്ലവരുടെയും പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും കൂടിയുള്ള പിന്തുണയാണ്. രാഷ്ട്രീയം നാടിൻ്റെ നന്മയ്ക്ക് വേണ്ടിയുള്ള, ഭാവി കേരളത്തിന് വേണ്ടിയുള്ളതാണ്. അത് കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് വളരും. ഇടതുപക്ഷത്തിൻ്റെത് വികസനത്തിൻ്റെ രാഷ്ട്രീയമാണ്. നിലമ്പൂരിൽ നിറമുള്ള വിജയം നേടും. മെച്ചപ്പെട്ടൊരു കേരളം കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷ സർക്കാരിന് മൂന്നാം ഊഴം നൽകുന്നതിന് നാന്ദിയായി നിയസഭ ഉപതിരഞ്ഞെടുപ്പ് മാറും -സ്വരാജ് പറഞ്ഞു.

























