Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും നിലമ്പൂർ സ്വദേശിയുമായ അഡ്വ.മോഹൻ ജോർജാണ് ബി.ജെ.പി. സ്ഥാനാർഥി.
നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബി.ജെ.പി. അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.
കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബി.ജെ.പി. നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു.
സൗഹൃദ ബന്ധങ്ങളാണ് ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണി വിഭാഗത്തിലായിരുന്നു തുടങ്ങിയത്. പിളർന്നപ്പോൾ ജോസഫിനൊപ്പമായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരളാ കോൺഗ്രസിൽനിന്ന് പിരിയുമ്പോൾ നമ്മുടേതായ നിലപാടുകളുണ്ടാകും. അതിനനുസരിച്ച് താൻ മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടു തലേന്ന് ബി.ജെ.പിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. 2016ൽ ബി.ഡി.ജെ.എസിനെയാണ് നിലമ്പൂരിൽ മത്സരിപ്പിച്ചത്. 12,284 വോട്ടുകൾ അന്ന് എൻ.ഡി.എ. നേടി. 2021ൽ സീറ്റ് ബി.ജെ.പി. തിരിച്ചെടുത്തു. 8,595 വോട്ടുകളാണ് അന്ന് ബി.ജെ.പിക്ക് ലഭിച്ചത്.























