തിരുവനന്തപുരം: വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ എൽ.ഡി.എഫ്. പ്രക്ഷോഭത്തിലേക്ക്. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ.് യോഗത്തിലാണ് തീരുമാനം.
വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് എൽ.ഡി.എഫ്. തീരുമാനം. ഡിസംബർ അഞ്ചിന് ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ മാർച്ചുകളും ധർണ്ണകളും നടക്കുക. സംസ്ഥാന തലത്തിലുള്ള പ്രതിഷേധം രാജ്ഭവനിൽ നടത്താനാണ് തീരുമാനം. ജനപ്രതിനിധികളെയും പാർട്ടി പ്രവർത്തകരെയും പങ്കെടുപ്പിച്ച് പ്രതിഷേധം നടത്തും.
രാവിലെ 10.30 മുതൽ പകൽ ഒന്നു വരെയാണ് പ്രതിഷേധം. രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിൽ 25,000 പേർ അണിനിരക്കും. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ ഈ സമയം ഉപരോധിക്കും. ഓരോ കേന്ദ്രങ്ങളിലും പതിനായിരം പേർ പങ്കെടുക്കും.
വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ്പ് മാതൃകയിൽ സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുള്ള കാര്യം എൽ.ഡി.എഫ്. കൺവീനർ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സമീപനം സഹിക്കാൻ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഈ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
സംയുക്ത സമരത്തിന് താത്പര്യമില്ലെന്ന നിലപാട് യു.ഡി.എഫ് നേരത്തെ അറിയിച്ചതിനാൽ ഒറ്റക്ക് സമരം മുൻപോട്ട് കൊണ്ടുപോകാനാണ് എൽ.ഡി.എഫ്. യോഗത്തിലെ ധാരണ. അതേസമയം ആരെല്ലാം സഹകരിക്കാൻ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് സമരം ചെയ്യുമെന്നാണ് കൺവീനർ പറഞ്ഞത്.