29 C
Trivandrum
Friday, April 25, 2025

ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇടതുതരംഗം; ദിസ്സനായകയുടെ സഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊളംബോ: ശ്രീലങ്കയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) സഖ്യത്തിന് വന്‍ വിജയം. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റുകള്‍ നേടിയ സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയം സ്വന്തമാക്കിയത്. റനില്‍ വിക്രമസിംഗെയുടെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലെ സമാഗി ജന ബലവഗയക്ക് (എസ്.ജെ.ബി.) 40 സീറ്റുകളില്‍ വിജയിക്കാനായി. അതേസമയം 2020ലെ തിരഞ്ഞെടുപ്പില്‍ 145 സീറ്റുകളുണ്ടായിരുന്ന രജപക്‌സെ കുടുംബത്തിന്റെ ശ്രീലങ്കാ പൊതുജന പേരമുന തുടച്ചുനീക്കപ്പെട്ടു. അവര്‍ക്ക് വെറും മൂന്നു സീറ്റേയുള്ളൂ.

പാര്‍ലമെന്റിലെ 196 അംഗങ്ങളെയാണ് വോട്ടെടുപ്പില്‍ നേരിട്ടു തിരഞ്ഞെടുക്കുന്നത്. ബാക്കി 29 പേരെ പാര്‍ട്ടികള്‍ നേടിയ വോട്ടിന് ആനുപാതികമായി വീതിച്ചുനല്‍കും. അഞ്ചുവര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. പാര്‍ലമെന്റിലും ഭൂരിപക്ഷം ഉറപ്പാക്കാനായത് തന്റെ രാഷ്ട്രീയ -സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടു നീക്കാന്‍ ദിസ്സനായകയ്ക്ക് കരുത്തേകും.

കഴിഞ്ഞമാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസ്സനായകയോടു തോറ്റ റനില്‍ വിക്രമസിംഗെ പാര്‍ലമെന്റിലേക്കു മത്സരിച്ചിരുന്നില്ല. 1977-നുശേഷം ആദ്യമായാണ് വിക്രമസിംഗെ മത്സരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്. രാജപക്‌സെ സഹോദരന്മാരും ഇത്തവണ മത്സരത്തിനിറങ്ങിയില്ല.

സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ദിസ്സനായകയുടെ എന്‍.പി.പിയുടെ വോട്ട് വിഹിതം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. തമിഴരും മുസ്ലിങ്ങളും തിങ്ങിപ്പാര്‍ക്കുന്ന വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ സഖ്യത്തിന് ഇത്തവണയുണ്ടായ മുന്നേറ്റമാണ് ശ്രദ്ധേയം. എന്‍.പി.പിയിലെ പ്രധാന കക്ഷിയായ ജനതാ വിമുക്തി പേരമുന (ജെ.വി.പി.) തമിഴ് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രതിച്ഛായ ഇതോടെ മാറിയിട്ടുണ്ട്.

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ആദ്യമായാണ് ഒരു സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നത്. ദിസ്സനായകെ അധികാരമേറ്റ ശേഷം രാജ്യം മുന്നോട്ടു പോകുന്ന രീതിയില്‍ ജനങ്ങള്‍ തൃപ്തരാണ് എന്നതാണ് ഈ ഫലം തെളിയിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks