29 C
Trivandrum
Tuesday, March 25, 2025

വ്യാജ ആത്മകഥ അന്വേഷിക്കണം; ഇ.പി.ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്കി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: തന്റെ ആത്മകഥയുടെ ഭാഗങ്ങള്‍ എന്ന പേരില്‍ പുറത്തുവന്ന കുറിപ്പിനെതിരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബിനു നല്കിയ പരാതിയില്‍ അദ്ദേഹം പറഞ്ഞു.

തന്റെ ആത്മകഥ എന്ന പേരില്‍ വന്ന വാര്‍ത്തകളുടെ സ്രോതസ്സ് കണ്ടെത്തണം എന്നാണ് ജയരാജന്റെ പ്രധാന ആവശ്യം. ഇതുവരെ പൂര്‍ത്തിയാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാത്ത തന്റെ ആത്മകഥ എന്ന പേരില്‍ തീര്‍ത്തും സാങ്കല്പികവും ഭാവനാസമ്പന്നവുമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ അമ്പരപ്പും നടുക്കവുമാണുണ്ടായത്.

മലയാള മനോരമ, 24 ന്യൂസ് എന്നിവയും മറ്റു പ്രമുഖ ചാനലുകളും പതിവില്‍ കവിഞ്ഞ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്യുകയാണ്. തന്റെ ആത്മകഥ എഴുതി പൂര്‍ത്തിയാക്കുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആത്മകഥയുടെ ഉള്ളടക്കം എന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നത് അങ്ങേയറ്റം വസ്തുതാവിരുദ്ധവും കളവുമാണ്. ഇതുവരെ പുസ്തത്തിന്റെ തലക്കെട്ടോ മുഖചിത്രമോ തീരുമാനിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ചില കുബുദ്ധികള്‍ ഗൂഢാലോചന നടത്തിയാണ് വാര്‍ത്ത സൃഷ്ടിച്ചത്. ഇതിനായി തന്റെ ആത്മകഥയില്‍ ഉദ്ദേശിക്കുകയോ എഴുതുകയോ ചെയ്യാത്ത ചില ഭാഗങ്ങള്‍ വ്യാജമായി സൃഷ്ടിച്ചു. ഇവ ഞാന്‍ ചിന്തിക്കുകയോ എഴുതുകയോ ചെയ്യാത്തതാണ്. നിര്‍ണ്ണായകമായ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇതു പുറത്തുവിട്ടത് മനഃപൂര്‍വ്വവും ദുൃരുദ്ദേശപരവുമാണ്.

ഇത്തരത്തില്‍ തട്ടിപ്പ് നടത്തുകയും വ്യാജരേഖ നിര്‍മ്മിച്ച് അത് വാസ്തവത്തിലുള്ളതാണ് എന്ന വ്യാജേന വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ ഗൂഢാലോചനക്കാര്‍ക്കെതിരെ കേസെടുത്ത് ഉചിതമായ അന്വേഷണം നടത്തണമെന്ന് ജയരാജന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks