ന്യൂഡല്‍ഹി: വെനസ്വലയില്‍ നടക്കുന്ന ലോക പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാന്‍ സി.പി.എം. നേതാവ് ഡോ.വി.ശിവദാസന്‍ എം.പിക്ക് അനുമതിയില്ല. വെനസ്വേലയിലെ ദേശീയ പാര്‍ലമെന്റ് സംഘടിപ്പിക്കുന്ന പാര്‍ലമെന്റംഗങ്ങളുടെ ആഗോള ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രാനുമതിയാണ് നിഷേധിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
വെനസ്വലയിലേക്ക് ശനിയാഴ്ച പുറപ്പെടാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. നവംബര്‍ നാലു മുതല്‍ ആറു വരെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലാണ് ‘ഫാഷിസം, നിയോ-ഫാഷിസം, സമാന ആശയങ്ങള്‍ എന്നിവയ്‌ക്കെതിരായ ലോക പാര്‍ലമെന്ററി ഫോറം’.
ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഫാഷിസത്തിനെതിരായ ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട. വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശിവദാസന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു. ഈ തീരുമാനത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും നിയമനിര്‍മ്മാണ സഭയിലെ ഒരംഗം എന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
എഫ്.സി.ആര്‍.എ. ക്ലിയറന്‍സ് അടക്കം നിയമപരമായി എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാത്തത് ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധത ഒരിക്കല്‍ കൂടി തുറന്നുകാട്ടിയെന്ന് ശിവദാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയും വസ്തുതകളെ ഭയപ്പെടുകയാണെന്നും അവരെക്കുറിച്ചുള്ള സത്യങ്ങള്‍ അന്താരാഷ്ട്രവേദിയില്‍ വെളിപ്പെടുത്തും എന്നതിനാലാണ് തനിക്കു വെനസ്വേലന്‍ പാര്‍ലമെന്റില്‍ നിന്നു ലഭിച്ച ക്ഷണം അംഗീകരിക്കാത്ത അവസ്ഥയുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇരു രാജ്യങ്ങളും നല്ല ബന്ധം പങ്കിടുകയും അടുത്തിടെ രൂപീകരിച്ച അന്താരാഷ്ട്ര സോളാര്‍ അലയന്‍സ്, ചേരിചേരാ പ്രസ്ഥാനം എന്നിവയുള്‍പ്പെടെ വിവിധ സംഘടനകളില്‍ തോളോടു തോള്‍ ചേര്‍ന്നു നില്ക്കുകയും ചെയ്യുന്ന സമയത്താണ് അനുമതി നിഷേധിക്കുന്നതെന്ന് ശിവദാസന്‍ ചൂണ്ടിക്കാട്ടി..
ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തിലെ പ്രധാന ഭീഷണികളിലൊന്നിനെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളുടെ ഒത്തുചേരലാണ് നടക്കുന്നതെന്ന് ജയശങ്കറിന് അയച്ച കത്തില്‍ ശിവദാസന്‍ പറഞ്ഞു.