29 C
Trivandrum
Friday, July 11, 2025

വിദേശത്തുള്ള കരുതല്‍ സ്വര്‍ണം ഇന്ത്യയിലേക്കു മാറ്റുന്നു; എത്തിച്ചത് ഒരു ലക്ഷത്തിലേറെ കിലോ

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരമായി വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്കു മാറ്റുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍നിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് 102 ടണ്‍ -1,02,000 കിലോ -സ്വര്‍ണം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യയില്‍ സൂക്ഷിക്കാനുള്ള തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.

റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ അവസാനം വരെ 855 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ കരുതിവെച്ചിട്ടുള്ളത്. ഇതില്‍ 510.5 ടണ്‍ ഇപ്പോല്‍ ഇന്ത്യയില്‍തന്നെയാണുള്ളത്. 2024ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ളത് യു.എസിനാണ് 8133.46 ടണ്‍. പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ജര്‍മ്മനി -3351.53 ടണ്‍, ഇറ്റലി -2,451.84 ടണ്‍, ഫ്രാന്‍സ് -2436.97 ടണ്‍, റഷ്യ -2335.85 ടണ്‍, ചൈന -2264.32 ടണ്‍ എന്നിവയാണ് ഇന്ത്യയെക്കാളേറെ സ്വര്‍ണശേഖരമുള്ള മറ്റു രാജ്യങ്ങള്‍.

ഇന്ത്യക്ക് പുറത്ത് നിലവില്‍ 324 ടണ്‍ സ്വര്‍ണമാണുള്ളത്. യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സ് എന്നിവയുടെ സുരക്ഷിത സങ്കേതിങ്ങളിലാണ് ഇത്രയും സ്വര്‍ണം സൂക്ഷിച്ചിട്ടുള്ളത്. 1697 മുതല്‍ ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കായി സ്വര്‍ണം സൂക്ഷിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ്.

വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥ കുറയ്ക്കാനും ഇത് ഇന്ത്യയിലേക്കു മാറ്റുന്ന നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. സ്വര്‍ണ കൈമാറ്റത്തിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയായിരുന്നു നീക്കം. രാജ്യത്തേക്ക് എത്തിക്കുമ്പോള്‍ നികുതി വിമുക്തമാക്കേണ്ടതുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ മെയ് മാസത്തില്‍ യു.കെയില്‍നിന്ന് 100 ടണ്‍ സ്വര്‍ണം കൊണ്ടുവന്നതായി സ്ഥിരീകരിച്ചിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks