Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിഴിഞ്ഞം കേന്ദ്രമാക്കി ക്യാച്ച്‌മെൻ്റ് ഏരിയയും അസംബ്ലിങ് ക്ളസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലാണ് ക്യാച്ച്‌മെൻ്റ് ഏരിയ വികസിപ്പിക്കുക.
ജില്ല, സംസ്ഥാന അതിർത്തികളിൽ പരിമിതപ്പെടുന്നതായിരിക്കില്ല ക്യാച്ച്‌മെൻ്റ് ഏരിയ എന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖത്ത് ഘടകസാമഗ്രികൾ എത്തിച്ച് അസംബ്ളിങ് നടത്തി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയുംവിധം അസംബ്ളിങ് യൂണിറ്റുകളുടെ ക്ളസ്റ്ററും വികസിപ്പിക്കും. കമ്മീഷനിങിന് തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കുന്ന ചരക്കുനീക്കത്തിൻ്റെ ട്രയൽ റൺ അടക്കമുളള പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയതായിരുന്നു മന്ത്രി.
സംസ്ഥാനത്തിൻ്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കഴിയുമെന്ന് രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ വ്യാവസായിക വളർച്ച ഒരു ജില്ലയിൽ ഒതുങ്ങുന്നതല്ല.
വിഴിഞ്ഞത്തിൻ്റെ വളർച്ചയെ അടിസ്ഥാനപ്പെടുത്തി വലിയൊരു ക്യാച്ച്‌മെൻ്റ് ഏരിയ സർക്കാർ കാണുന്നുണ്ട്. ഇതിൽ പ്രധാനം ലോജിസ്റ്റിക് പാർക്കുകളാണ്. തുറമുഖത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലോജിസ്റ്റിക് പാർക്കുകൾക്കായി വിവിധ കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തിൻ്റെ സാധ്യതകൾ പരിഗണിച്ച് സർക്കാർ പുതിയ ലോജിസ്റ്റിക് പോളിസി അംഗീകരിച്ചിട്ടുണ്ട്. 20 കിലോമീറ്ററിനുളളിലെങ്കിലും ഒരു ലോജിസ്റ്റിക് പാർക്ക് സാധ്യമാക്കണമെന്നതാണ് സർക്കാരിന്റെ നയം. പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയും വിഴിഞ്ഞവും ബന്ധപ്പെടുത്തിയുള്ള സാധ്യതകളും പഠിച്ചുവരികയാണ്. വ്യാവസായിക സംരഭകരെ ഉൾപ്പെടുത്തി ഫെബ്രുവരി 21, 22 ദിവസങ്ങളിൽ കൊച്ചിയിൽ ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയോടൊപ്പം വിഴിഞ്ഞം ഇൻ്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ എം.ഡി. ഡോ. ദിവ്യാ എസ്.അയ്യർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. ഹരികിഷോർ, അദാനി പോർട്ട് സി.ഇ.ഒ. പ്രണവ് ചൗധരി എന്നിവരും എത്തിയിരുന്നു.