29 C
Trivandrum
Thursday, February 6, 2025

അടരുകളിലൊളിപ്പിച്ച് അനായാസ വിജയത്തിലേക്കു മുന്നേറുന്ന കിഷ്‌കിന്ധാകാണ്ഡം

    • മലയാള സിനിമയെ ഞെട്ടിച്ച് വിജയരാഘവനും ജഗദീഷും

    • പ്രേക്ഷകനെ കൈയിലെടുത്ത് കൊണ്ടു നടന്ന് കൈയടി വാങ്ങുന്ന സംവിധായകന്‍

തിരുവനന്തപുരം: പ്രേക്ഷകന്റെ മനസ്സിലുയരുന്ന ചോദ്യങ്ങളുമായി അപര്‍ണയെന്ന കഥാപാത്രം, സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്ക് മുമ്പെ സഞ്ചരിക്കുന്ന പ്രേക്ഷക മനസ്സുകള്‍, കഥാപാത്രങ്ങളായി ജിവിച്ച അഭിനേതാക്കള്‍, ജീവസ്സുറ്റ തിരക്കഥ, പ്രേക്ഷകനെ അവരറിയാതെ കഥയിലേക്ക് സന്നിവേശിപ്പിക്കുന്ന സംവിധായകന്‍ ഇതെല്ലാം ചേരുമ്പോള്‍ കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമ പൂര്‍ണമാകുന്നു. അജയന്റെ രണ്ടാം മോഷണമെന്ന ബിഗ് ബജറ്റ് ത്രീ ഡി ചിത്രത്തിനൊപ്പം മത്സരിക്കാന്‍ ഓണത്തിനെത്തിയ ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം വിജയവഴിയിലൂടെ മുന്നേറുകയാണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

പരിചിതമായ കഥയാണെന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകന് തോന്നിയേക്കും. എന്നാല്‍ കഥയിലൂടെയുള്ള കടന്ന് പോകല്‍ പുതിയ മാര്‍ഗത്തിലൂടെയാണ്. രണ്ടാം ഭാര്യയായി ഭര്‍ത്തൃവീട്ടിലെത്തുന്ന സാധാരണക്കാരിയായ അപര്‍ണയെന്ന യുവതിയുടെ തോന്നലുകളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. വീട്ടിലെ ചില ദുരൂഹതകളില്‍ അപര്‍ണയ്ക്ക് തോന്നുന്ന സംശയങ്ങളെ ചില കഥാപാത്രങ്ങള്‍ ബലപ്പെടുത്തുന്നു. അവള്‍ ചില മുന്‍ധാരണകളിലേയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് തുറന്ന് പറയുന്നില്ല. കഥ മുന്നോട്ട് പോകുമ്പോള്‍ പ്രേക്ഷകന് തോന്നുന്ന സംശയങ്ങളില്‍ നിന്നുരുത്തിരിയുന്ന ചോദ്യങ്ങളാണ് അപര്‍ണയ്ക്കും ചോദിക്കാന്‍ തോന്നുന്നത്. അപര്‍ണയിലൂടെയാണ് പ്രേക്ഷകന്‍ സഞ്ചരിക്കുന്നത്. ഒരു ഘട്ടത്തില്‍ അപര്‍ണയ്ക്ക് മുന്നേ സഞ്ചരിക്കാനും പ്രേക്ഷകന് തോന്നിയേക്കും.

അതിനു കാരണമാകുന്നത് കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ്. റിട്ടയര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥനായ അച്ഛന്‍. പ്രായാധിക്യം കവര്‍ന്നെടുക്കുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന അപ്പുപിള്ളയിലും കഥാപരിസരത്ത് പടരുന്ന ദുരൂഹത ശക്തമായി സന്നിവേശിക്കുന്നുണ്ട്. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ഓര്‍മ്മയിലുണ്ടായിരിക്കുകയും അല്ലാത്തവ മറവിയുടെ ആഴങ്ങളിലേക്ക് പോയെന്ന് മറ്റുള്ളവരില്‍ തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കഥാപാത്രം. പലപ്പോഴും വെറുപ്പ് സമ്പാദിക്കുകയും അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ അനുകമ്പ അര്‍ഹിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ അപ്പുപിള്ളയെ വിജയരാഘവന്‍ എന്ന മികച്ച നടന്‍ അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. അപ്പുപിള്ള കൈവിട്ട് പോയിരുന്നുവെങ്കില്‍ കിഷ്‌കിന്ധാകാണ്ഡം ഒരിക്കലും ഒരു വിജയ ചിത്രമാകില്ലായിരുന്നു.

കഥാപാത്രങ്ങളിലൂടെ കഥാഗതിയെ പ്രേക്ഷകനിലേയ്ക്ക് പകര്‍ന്നു നല്‍കുകയാണ് സംവിധായകന്‍. അടരുകളുള്ള കഥാപാത്രങ്ങള്‍, അതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് തോന്നിക്കുന്ന കഥ അത് പറഞ്ഞു പോകുമ്പോള്‍ തന്നെ പ്രേക്ഷകനും ചില ധാരണകളിലേക്കെത്തും. ആ ധാരണയുമായി മുന്നോട്ട് പോകുകയും ചെയ്യും. ഇടവേളയാകുമ്പോള്‍ കഥാന്ത്യത്തെ കുറിച്ച് പ്രേക്ഷകന് വ്യക്തമായ ബോധമുണ്ടാകുകയും ചെയ്യും. സാധാരണ ഗതിയില്‍ ക്ലീഷെ സിനിമകള്‍ കാണുമ്പോഴുണ്ടാകുന്ന ഈ മുന്‍വിധി കിഷ്‌കിന്ധാകാണ്ഡം കണ്ടു തീരുമ്പോള്‍ തിരുത്തേണ്ടി വരും. സംവിധായകന്‍ മികച്ച കൈയടക്കത്തോടെ പ്രേക്ഷകനെ ഒരു ബോധ്യത്തിലെത്തിക്കുകയും ആ ബോദ്ധ്യത്തിലേയ്ക്ക് നയിച്ച വഴികള്‍ കണ്ടെത്താനുള്ള ആകാംഷ അവരില്‍ സൃഷ്ടിക്കുകയും ചെയ്തതാണെന്ന് തിരിച്ചറിയുമ്പോള്‍ വൈകിപ്പോകും.

പ്രേക്ഷകനില്‍ സൃഷ്ടിക്കപ്പെടുന്ന ആകാംഷയാണ് ഇടവേളയ്ക്ക് ശേഷം തന്ത്രപരമായി ഉപയോഗിക്കപ്പെടുന്നത്. പ്രേക്ഷകന്‍ അവന്റെ കണ്ടെത്തലുകളെ സാധൂകരിക്കാനുള്ള വഴികള്‍ തേടും. ആ വഴികള്‍ മികച്ച രീതിയില്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാനാകാത്ത അവസ്ഥയിലേയ്ക്ക് അവര്‍ എത്തും. അങ്ങനെ ത്രില്ലര്‍ മൂഡിലേയ്ക്ക് മാറുന്ന പ്രേക്ഷകന്‍ അവന്റെ ധാരണയുടെ ശറിതെറ്റുകളിലേയ്ക്കെത്തുന്ന സമയത്ത് സിനിമ അവസാനിക്കുകയും ചെയ്യും. കൈയടിക്കാതെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാനാകത്ത അവസ്ഥയിലേക്ക് പ്രേക്ഷകന്‍ എത്തും. തിയേറ്റര്‍ വിടുമ്പോഴും കഥാപാത്രങ്ങളും കഥാപരിസരങ്ങളിലെ വാനരന്മാരും കഥാപരിസരവും പ്രേക്ഷകനൊപ്പം പോകുകയും ചെയ്യും.

സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ പ്രേക്ഷക മനസ്സിലേക്ക് കസേര വലിച്ചിട്ടിരിക്കുകയാണ് കിഷ്‌കിന്ധാകാണ്ഡത്തിലൂടെ. തിരക്കഥ എഴുതിയ ബാഹുല്‍ രമേഷ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമ ആവശ്യപ്പെടുന്ന പശ്ചാത്തലം ഭംഗിയായി ചേര്‍ത്തു വെയ്ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. വനത്തിന്റെ സൗന്ദര്യവും രൗദ്രതയും കഥയ്ക്ക് വേണ്ട നിഗൂഢതയും അനുഭവവേദ്യമാക്കാന്‍ മുജീബ് മജീദിന്റെ സംഗീതം വളരെയേറെ സഹായകമായി. ത്രസിപ്പിക്കുന്ന രംഗങ്ങളില്ലെങ്കിലും പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താനുതകുന്നതാണ് സീനുകളുടെ കൂട്ടിച്ചേര്‍ക്കല്‍. മികച്ച എഡിറ്റിങ്ങിലൂടെ ഇത് സാദ്ധ്യമാക്കുന്നത് ഇ.എസ്.സൂരജാണ്. ഗുഡ് വില്‍ എന്റര്‍ടൈനറിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് തടത്തിലാണ് കിഷ്‌കിന്ധാകാണ്ഡം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

സിനിമയുടെ കഥാപാത്രങ്ങളെല്ലാം മികച്ചതാണ്. ആസിഫ് അലി അവതരിപ്പിച്ച അജയചന്ദ്രന്‍ മികച്ച നിലവാരം പുലര്‍ത്തി. ലെവല്‍ക്രോസ്, തലവന്‍, അഡിയോസ് അമിഗോ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കിഷ്‌കിന്ധാകാണ്ഡത്തിലെത്തുമ്പോള്‍ മികച്ച നടനെന്ന നിലയില്‍ ആസിഫ് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. അപര്‍ണ ബാലമുരളിയുടെ അപര്‍ണയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ടു തന്നെ അപര്‍ണ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ആഴം നല്‍കുകയെന്ന ഉത്തരവാദിത്വം പൂര്‍ണമായും പാലിക്കുന്നതില്‍ അപര്‍ണ എന്ന അഭിനേത്രി വിജയിക്കുക തന്നെ ചെയ്തു.

എങ്കിലും വ്യത്യസ്തയോടെ പ്രേക്ഷകനെ ഞെട്ടിക്കുന്ന വിജയരാഘവന്‍ മാത്രമല്ല. ജഗദീഷിന്റെ കഥാപാത്രവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. മെയ്ക്കപ്പ് കൊണ്ട് കഥാപാത്രങ്ങള്‍ക്ക് മികച്ച രൂപം നല്‍കാനാകും. ഞെട്ടിക്കുന്ന, ഭയപ്പെടുത്തുന്ന രൂപങ്ങള്‍ അഭിനേതാക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ മികച്ച മെയ്ക്കപ്പ്മാന്‍ മതിയാകും. എന്നാല്‍ ആ മെയ്ക്കപ്പിനോട് നീതി പുലര്‍ത്തി മികച്ച അഭിനയം കൂടി സന്നിവേശിപ്പിച്ചാല്‍ മാത്രമെ കഥാപാത്രം യാഥാര്‍ഥ്യമാകുകയുള്ളു.

ഓണത്തിന് റിലീസായ അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തില്‍ വ്യത്യസ്ത രൂപഭാവത്തോടെ സ്‌ക്രീനിലെത്തിയ ജഗദീഷിന്റെ കൊല്ലന്‍ കഥാപാത്രം പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയിരുന്നു. അതിന സമാനമായി തന്നെയാണ് കിഷ്‌കിന്ധാകാണ്ഡത്തിലെ മുന്‍ നക്സലും. വ്യത്യസ്ത ഭാവങ്ങളോടെ വ്യത്യസ്തമായ മീറ്ററില്‍ ജഗദീഷെന്ന നടന്‍ നിറഞ്ഞാടുകയായിരുന്നു സിനിമയില്‍. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാനുണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് ജഗദീഷെന്ന അഭിനയ പ്രതിഭ കിഷ്‌കിന്ധാകാണ്ഡത്തിലൂടെ നല്‍കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks