കൊച്ചി: നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായി നടി മിനു മുനീര്‍. എ.എം.എം.എ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്മാരില്‍നിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും അവര്‍ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
ആദ്യത്തെ ദുരനുഭവം 2008ലാണ് ഉണ്ടായതെന്നു മിനു പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് സെക്രട്ടേറിയറ്റിലായിരുന്നു. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താന്‍ ആറു സിനിമകളില്‍ അഭിനയിച്ചു. മൂന്നു സിനിമയില്‍ അഭിനയിച്ചാല്‍ എ.എം.എം.എ. സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റില്‍നിന്നിറങ്ങി. പിന്നീട് എ.എം.എം.എയില്‍നിന്ന് ഒരാള്‍ വിളിച്ച് ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു.
കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ചാണ് മുകേഷ് കടന്നുപിടിച്ചത്. പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി. രാജുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീര്‍ പറഞ്ഞു. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരില്‍ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.