കൊച്ചി: പരമാവധി വിലയെക്കാള്‍ (എം.ആര്‍.പി.) കൂടുതല്‍ തുക ജി.എസ്.ടിയുടെ പേരില്‍ ഈടാക്കിയ ഷൂ കമ്പനി അധികം ഈടാക്കിയ തുകയ്ക്ക് പിഴ ശിക്ഷ. അധികമായി ഈടാക്കിയ 67 രൂപയും ലീഗല്‍ മെട്രോളജി നിയമലംഘനത്തിന് നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്നാണ് കോടതി ഉത്തരവ്.
കാസറഗോഡ് കാനന്തൂര്‍ സ്വദേശിയും എറണാകുളം ഗവ. ലോ കോളേജ് വിദ്യാര്‍ഥിയുമായ സഞ്ജയ് രാജിന്റെ പരാതിയിലാണ് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെ വിധി. എറണാകുളം ബ്രോഡ് വേയിലെ ബാറ്റ ഷോറൂം ഹരിയാണ ആസ്ഥാനമായ ബാറ്റ കമ്പനിയുമാണ് എതിര്‍കക്ഷികള്‍.
2022 മാര്‍ച്ച് മാസത്തില്‍ പരാതിക്കാരന്‍ ബാറ്റ ഷോറൂമില്‍ നിന്ന് 1,066 രൂപ നല്‍കി ഒരു ജോഡി ഷൂ വാങ്ങി. പരിശോധനയില്‍ 999 രൂപയാണ് രേഖപ്പെടുത്തിയിരുന്ന എം.ആര്‍.പി. ഇതിനെക്കാള്‍ കൂടിയ തുകയാണ് ഈടാക്കിയത് എന്ന കാര്യം ഷോപ്പില്‍ എത്തി പരാതിക്കാരന്‍ ബാറ്റാ അ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വില നിയമപരമാണെന്നും വില്പന നികുതി ഉള്‍പ്പെടെയാണ് ഈടാക്കിയത് എന്നുമായിരുന്നു അവരുടെ നിലപാട്. കൂടുതല്‍ വാങ്ങിയ തുക തിരിച്ചുനല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം നിരസിച്ച ബാറ്റ പരാതിക്കാരനെ അപമാനിച്ചു കടയില്‍ നിന്ന് ഇറക്കി വിട്ടു എന്നാണ് ആരോപണം.
ജി.എസ്.ടി. പരിഷ്‌കരിച്ചപ്പോള്‍ ഷൂവിന്റെ വിലയും വര്‍ധിച്ചുവെന്നും ഉപഭോക്തൃ കോടതിക്ക് ഇക്കാര്യം പരിഗണിക്കാന്‍ അധികാരമില്ല എന്ന നിലപാടും ബാറ്റ കോടതി മുമ്പാകെ സ്വീകരിച്ചു.
എം.ആര്‍.പിയെക്കാള്‍ കൂടിയ വില ഈടാക്കരുതെന്ന ലീഗല്‍ മെട്രോളജി ചട്ടത്തിലെ വ്യവസ്ഥ ബാറ്റ ലംഘിച്ചുവെന്ന് കോടതി ഉത്തരവില്‍ വിലയിരുത്തി. ഓരോ ഉപഭോക്താവിനേയും അന്തസ്സോടെ പരിഗണിക്കണമെന്ന തത്വത്തിന്റെ നിരാസമാണ് ബാറ്റയുടെ നിലപാട്. നിയമവിരുദ്ധമായ ഈ സമീപനത്തിലൂടെ ബാറ്റ നഷ്ടപ്പെടുത്തിയത് പ്രമുഖമായ ഒരു ബ്രാന്‍ഡിനോടുള്ള ഉപഭോക്താവിന്റെ അചഞ്ചലമായ വിശ്വാസത്തെ കുടിയാണെന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.