Follow the FOURTH PILLAR LIVE channel on WhatsApp
മുല്ലപ്പെരിയര്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ സുര്‍ക്കി അണക്കെട്ടാണ് തുംഗഭദ്ര
ബംഗളൂരു: കര്‍ണാടകത്തിലെ ബെല്ലാരി ജില്ലയിലുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകി. 71 വര്‍ഷം പഴക്കമുള്ള അണക്കെട്ടില്‍ ആദ്യമായാണ് ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്രയും വലിയൊരു സംഭവം നടക്കുന്നത്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ അണക്കെട്ടാണിത്. പമ്പാ സാഗര്‍ എന്നും ഈ അണക്കെട്ടിന് പേരുണ്ട്.
ഷിമോഗയിലെ കനത്ത മഴയെ തുടര്‍ന്ന് തുംഗഭദ്ര അണക്കെട്ട് പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അണക്കെട്ടിന്റെ 19-ാം ഗേറ്റില്‍ തകരാര്‍ ഉണ്ടായത്. അവിടെയുള്ള ചെങ്കല്ലുകള്‍ പൊട്ടി ഗേറ്റ് ഒലിച്ച് പോയി. ആകെ 33 ഗേറ്റുകളാണ് ഡാമിനുള്ളത്. അണക്കെട്ട് തകരുന്നത് ഒഴിവാക്കാനായി എല്ലാ ഗേറ്റുകളും തുറന്നു വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. നിലവില്‍ ഒരുലക്ഷം ക്യൂബിക്‌സ് വെള്ളമാണ് അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്നത്. 60 ടി.എം.സി. വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികള്‍ നടക്കൂ എന്ന് അധികൃതര്‍ പറഞ്ഞു.
1953ലാണ് തുംഗഭദ്ര അണക്കെട്ട് കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആശ്രയിക്കുന്നത് അണക്കെട്ടിലെ വെള്ളത്തെയാണ്. ഗേറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിപുര്‍ ജില്ലകളില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ കൗത്താലം, കോസിഗി, മന്ത്രാലയം, നന്ദവാരം പ്രദേശങ്ങളിലെ ജനങ്ങളും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നദീതീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തുംഗഭദ്ര ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹോസ്‌പേട്ട് -കൊപ്പല്‍ സംഗമ സ്ഥാനത്താണ് തുംഗഭദ്ര അണക്കെട്ട് നില്‍ക്കുന്നത്. ശര്‍ക്കരയും കരിമ്പിന്‍നീരും മുട്ടവെള്ളയും ചേര്‍ത്ത് തയ്യാറാക്കിയ സുര്‍ക്കി ചാന്തില്‍ കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയതാണ് അണക്കെട്ടിന്റെ അടിത്തറ. മുല്ലപ്പെരിയാര്‍ അണക്കെട്ടും സമാനരീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2016ല്‍ മഹാരാഷ്ട്രയിലെ മഹാഡില്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വര്‍ഷം പഴക്കമുള്ള പാലമാണ് അന്ന് അപകടത്തിലായത്.