ന്യൂഡൽഹി: കേരളത്തെ തുടർച്ചയായി അപഹസിക്കുന്ന കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും രാജി ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം.പിമാർ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ചു. സുരേഷ് ഗോപിയും ജോർജ് കുര്യനും രാജിവച്ചൊഴിയണമെന്നും മാപ്പുപറയണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
സി.പി.എം. ലോക്സഭാ നേതാവ് കെ.രാധാകൃഷ്ണനും രാജ്യസഭാ ഉപനേതാവ് ഡോ.ജോൺ ബ്രിട്ടാസും പ്രതിഷേധത്തിന് നേതൃത്വം നൽകി. എ.എ.റഹിം, പി.പി.സുനീർ, ജോസ് കെ.മാണി, സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു. സുരേഷ് ഗോപിയും ജോർജ് കുര്യനും രാജിക്ക് സന്നദ്ധമല്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അവർ നിർദ്ദേശിച്ചു.
ആദിവാസിക്ഷേമ വകുപ്പ് ഉന്നതകുലജാതരെയാണ് ഏൽപ്പിക്കേണ്ടതെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിലും ഇടതുപക്ഷ എം.പിമാർ പ്രതിഷേധിച്ചു.
കേരളത്തിനായി ശബ്ദിക്കേണ്ട കേന്ദ്രമന്ത്രിമാർ എന്നാൽ കേരളത്തെ തുടർച്ചയായി ഇകഴ്ത്തുകയാണെന്ന് കെ.രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ കൂട്ടുനിൽക്കുകയാണ്. സുരേഷ് ഗോപിയുടെ പരാമർശം ഭരണഘടനാവിരുദ്ധമാണ്. സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. രാജിവച്ചൊഴിയണം –രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.