അമേരിക്കൻ പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ സൊസൈറ്റിയുടെ ഇന്നവേഷൻ പദ്ധതി അംഗീകാരം
പദ്ധതി സംരംഭക സമൂഹത്തിൽ വൻ ചലനം സൃഷ്ടിച്ചതായി ഐ.ഐ.എം. പഠന റിപ്പോർട്ട്
കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ നല്കുന്ന ‘ഇന്നവേഷൻ ഇൻ പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ’ അംഗീകാരമാണ് സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചത്. സൊസൈറ്റിയുടെ 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത്. 2025 മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ വാഷിംഗ്ടണിൽ നടക്കുന്ന സൊസെറ്റിയുടെ വാർഷിക സമ്മേളനത്തിൽ പദ്ധതിയെക്കുറിച്ച് അവതരണം നടത്തുന്നതിന് വ്യവസായ മന്ത്രി പി.രാജീവിനെ ക്ഷണിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
സംരംഭക വർഷം പദ്ധതിയെക്കുറിച്ച് ഇൻഡോർ ഐ.ഐ.എം നടത്തിയ പഠന റിപ്പോർട്ട് സർക്കാരിനു കൈമാറുന്നതിനായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐ.ഐ.എം. ഇൻഡോർ ഡയറക്ടർ ഹിമാൻഷു റോയ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പൊതുഭരണ വിദഗ്ധർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്താരാഷ്ട്ര വേദിയാണ് എസ്.പി.എ. വാർഷിക സമ്മേളനമെന്ന് ഹിമാൻഷു റോയ് പറഞ്ഞു. പല രാജ്യങ്ങളുടെയും നയരൂപവത്കരണത്തെ പോലും ഇതിലെ ചർച്ചകൾ സ്വാധീനിക്കും. ഇത്തരമൊരു വേദിയിൽ കേരളത്തിന്റെ നേട്ടം അവതരിപ്പിക്കാനാവുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ 150 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് മുന്നിൽ കേരളത്തിന്റെ അഭിമാന പദ്ധതി അവതരിപ്പിക്കപ്പെടും.
സംരംഭക വർഷത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും അത് വഴി 7 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മന്റ് ആൻഡ് ഡെവലപ്മന്റ് നടത്തിയ പഠന റിപ്പോർട്ടും സർക്കാരിന് കൈമാറി.
കൂടൂതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ നിക്ഷേപം കൊണ്ടു വരുന്നതിനും ഈ റിപ്പോർട്ട് സർക്കാരിനെ സഹായിക്കുമെന്ന് രാജീവ് പറഞ്ഞു. സർക്കാരിന് പുറത്തുള്ള സ്വതന്ത്ര ഏജൻസികൾ വഴിയുള്ള പഠന റിപ്പോർട്ടുകൾ വലിയ അവസരമാണ് നൽകുന്നത്. കുറവുകൾ കണ്ടെത്താനും അത് സമയബന്ധിതമായി പരിഹരിക്കാനും ഇത്തരം പഠനങ്ങൾ സഹായിക്കും. ഈ റിപ്പോർട്ടിലുള്ള ശുപാർശകളും നിർദ്ദേശങ്ങളും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതിയശോക്തിക്കപ്പുറത്തേക്കുള്ള യാഥാർത്ഥ്യമാണ് കേരളത്തിന്റെ സംരംഭക വർഷ നേട്ടമെന്ന് ഹിമാൻഷു റോയ് പറഞ്ഞു. കൊവിഡിന് മുമ്പ് സൂക്ഷ്മ ചെറുകിട- സംരംഭങ്ങളോട് ബാങ്കുകളുടെ സമീപനം അഭികാമ്യമായിരുന്നില്ലെന്ന് പഠനത്തോട് പ്രതികരിച്ച 79 ശതമാനം സംരംഭകരും പറഞ്ഞിരുന്നു. എന്നാൽ സംരംഭക വർഷം സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം 94 ശതമാനം പേരും ബാങ്കുകൾ മികച്ച പിന്തുണ നൽകിയെന്ന് സാക്ഷ്യപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ധനനയത്തിൽ 91 ശതമാനം സംരംഭകർ സംതൃപ്തി രേഖപ്പെടുത്തി. സബ്സിഡി, വായ്പയ്ക്കുള്ള സഹായം, പരിശീലനം, വിപണനം എന്നിവയ്ക്കുള്ള പിന്തുണ, പാരിസ്ഥിതിക-ആരോഗ്യ മാനദണ്ഡങ്ങളിലെ ശക്തമായ പ്രതിബദ്ധത എന്നിവയിൽ 92 ശതമാനം സംരംഭകരും തൃപ്തരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
സർക്കാർ നടപടികൾ വഴി പിതൃസഹജമായ സംരക്ഷണമാണ് ലഭിക്കുന്നതെന്ന് സൂക്ഷ്മ ചെറുകിട സംരംഭകർ പഠനത്തോട് പ്രതികരിച്ചു. ഈ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാർ മേക്ക് ഇൻ കേരള പോലുള്ള പുതിയ പദ്ധതികൾ വഴി സംരംഭകരെ സഹായിക്കണമെന്നും പറയുന്നു.
കേരളത്തിന്റെ വ്യവസായനയങ്ങൾ ഇന്ന് മറ്റ് സംസ്ഥാനങ്ങൾ അതേ പടി പകർത്തുകയാണെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇത് കേരളത്തിനുള്ള അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.