29 C
Trivandrum
Thursday, February 6, 2025

മധ്യപ്രദേശിൽ പ്ലസ് ടു വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചു കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഛതർപുർ ജില്ലയിലുള്ള ധാമോറ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലിനെ പ്ലസ് ടു വിദ്യാർഥി വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സുരേന്ദ്ര കുമാർ സക്സേന (55) കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി ധാമോറ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം.

Follow the FOURTH PILLAR LIVE channel on WhatsApp 

സ്‌കൂളിലെ വഴിവിട്ട പെരുമാറ്റത്തിന് പേരുകേട്ടയാളാണ് ധിലാപുർ ഗ്രാമവാസിയായ ഈ 17കാരൻ. അവൻ വെള്ളിയാഴ്ച സ്‌കൂളിൽ ഹാജരായിരുന്നില്ല. യൂണിഫോമണിയാതെ വിദ്യാർഥിയെ സ്‌കൂൾ കവാടത്തിൽ കണ്ടതിനെത്തുടർന്ന് പ്രിൻസിപ്പൽ കാര്യമന്വേഷിക്കുകയും കാര്യമായി ശകാരിക്കുകയും ചെയ്തു. ഇതോടെ കുപിതനായ വിദ്യാർഥി തോക്കുമായി പ്രിൻസിപ്പലിനെ പിന്തുടരുകയും ശുചിമുറിയുടെ അടുത്തുവെച്ച് വെടിയുതിർക്കുകയുമായിരുന്നു. സുരേന്ദ്രകുമാർ സക്സേനയുടെ തലയ്ക്കാണ് വെടിയേറ്റത്. ബഹളം കേട്ട് അദ്ധ്യാപകരും ജീവനക്കാരും ഓടിയെത്തിയപ്പോൾ സക്‌സേന രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.

കൃത്യം നടത്തിയ വിദ്യാർഥി സക്സേനയുടെ തന്നെ ബൈക്കിൽ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉത്തർപ്രദേശുമായുള്ള അതിർത്തിക്ക് സമീപം പൊലീസ് അവനെ പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും ഇൻസ്‌പെക്ടർ പുഷ്‌പേന്ദ്ര യാദവ് സ്ഥിരീകരിച്ചു.

സക്സേനയുടെ കൊലപാതകം ആസൂത്രിതമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. സ്‌കൂളിലെ ചിലർ തന്നെ അദ്ദേഹത്തിനുമേൽ പല കാര്യങ്ങൾക്കും സമ്മർദ്ദം ചെലുത്തിയിരുന്നെന്നും അദ്ദേഹത്തെ അപമാനിച്ചിരുന്നുവെന്നും സഹോദരൻ രാജേന്ദ്ര സക്‌സേന പറഞ്ഞു.

സ്‌കൂളിൽ വഴിവിട്ടു പെരുമാറിയിട്ടുണ്ടെങ്കിലും പൊലീസ് രേഖകളിൽ വിദ്യാർഥിക്ക് ക്രിമിനൽ ചരിത്രമില്ല. വിദ്യാർഥിക്ക് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതിനെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks