വാഷിങ്ടണ്‍: യു.എസിന്റെ 47-ാമത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. ട്രംപിന് 277 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 538ല്‍ 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും.
തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കന്‍ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവര്‍ണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആണെന്ന് അദ്ദേഹം പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
2016ല്‍ പ്രസിഡന്റായപ്പോള്‍ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.