29 C
Trivandrum
Sunday, January 25, 2026

പാകിസ്താനു മുന്നിൽ ഐ.എം.എഫിൻ്റെ പുതിയ 11 ഉപാധികൾ; ഇന്ത്യയുമായുള്ള സംഘർഷം ധനസഹായത്തെ ബാധിക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ധനസഹായം നൽകാൻ പാകിസ്താനു മുന്നിൽ‌ കർശന ഉപാധികളുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). ജനങ്ങളുടെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതടക്കം പാകിസ്താൻ്റെ ഭരണസംവിധാനത്തിൽ തന്നെ ഇടപെടുന്ന രീതിയിലാണ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായാൽ അത് ധനസഹായത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പും നല്കിയിട്ടുണ്ട്.

പാകിസ്താൻ്റെ വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഈ തുകയിൽ 1,07,000 കോടി വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഉൾപ്പെടെ പുതിയ 11 ഉപാധികളാണ് പാകിസ്താനു മുന്നിൽ ഐ.എം.എഫ് വെച്ചത്. ഇതോടെ ധനസഹായത്തിനായി പാകിസ്താനു മുന്നിൽ ഐ.എം.എഫ്. വെയ്ക്കുന്ന ഉപാധികൾ 50 ആയി.

ഐ.എം.എഫ്. മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ പാകിസ്താനിലെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നവയാണ്. ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷം തുടരുന്ന നിലയുണ്ടായാല്‍ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ ഭീഷണി നേരിടും എന്ന കർ‌ശന സന്ദേശമാണ് ഐ.എം.എഫ്. പാകിസ്താനു നൽകുന്നത്.

വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, 3 വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. പാകിസ്താനിലെ എല്ലാ പ്രവിശ്യകളിലും കൃഷി വരുമാന നികുതി ജൂണിനു മുമ്പ് നടപ്പാക്കണം, ഭരണപരമായ നയരൂപവത്കരണത്തിനു പ്രവർത്തന പദ്ധതി തയ്യാറാക്കണം, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട് 2028 മുതൽ നടപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ തയ്യാറാക്കണം, ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഐ.എം.എഫ്. മുന്നോട്ടുവെയ്ക്കുന്നു.

പാകിസ്താന്റെ വരാനിരിക്കുന്ന പ്രതിരോധ ബജറ്റ് കണക്കാക്കുന്നത് 2,414 ബില്യണ്‍ പാകിസ്താൻ രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനയാണ് ഇതിലുള്ളത്. ഇതിന് അപ്പുറത്ത് ഈ മാസം ആദ്യം പാക് സര്‍ക്കാര്‍ പ്രതിരോധ ബജറ്റ് വിഹിതം ഉയര്‍ത്തിയിരുന്നു. 2,500 ബില്യണ്‍ രൂപ ഇതിനായി നീക്കിവെയ്ക്കാനായിരുന്നു നീക്കം. ഏകദേശം 18 ശതമാനം വര്‍ധനയാണ് ഈ ഇനത്തില്‍ ഉണ്ടാവുക. ഐ.എം.എഫ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം.

Recent Articles

Related Articles

Special

Enable Notifications OK No thanks