29 C
Trivandrum
Wednesday, February 5, 2025

കരുതലോടെ കരുത്തരായി, മാതൃകയായി

കേരള സംസ്ഥാനം രൂപമെടുത്തിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ പിന്നീടിങ്ങോട്ട് അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാരുകളെല്ലാം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയില്‍ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളില്‍ ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്ന വിധത്തില്‍ വലിയ തോതിലുള്ള മുന്നേറ്റം നമുക്കുണ്ടായി. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിലും അധികാര വികേന്ദ്രീകരണത്തിലും കുടുംബശ്രീയിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിലും നമ്മള്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി.

Follow the FOURTH PILLAR LIVE channel on WhatsApp 

എന്നാല്‍, 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങള്‍ ഇടിച്ചു നിരത്തപ്പെടുന്ന, വികസന പദ്ധതികളെല്ലാം തന്നെ മുടങ്ങിപ്പോകുന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിയും ഗെയിലുമെല്ലാം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിര്‍ത്തിവച്ച് മടങ്ങിപ്പോയ അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകുന്ന നടപടികളാണ് കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ടത്.

നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയും ഒക്കെ വീണ്ടെടുത്തു. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടു പോവുകയാണ് ഈ സര്‍ക്കാര്‍.

ഭരണത്തിന്റെ നാനാതലങ്ങളില്‍ മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണിത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏതെല്ലാം, അവയില്‍ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാര്‍ഡുകള്‍ പുറത്തിറക്കിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ മാതൃക തീര്‍ത്തു. വാതില്‍പ്പടി സേവനങ്ങള്‍ ലഭ്യമാക്കി. ആയിരത്തോളം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ നല്‍കുന്നതിന് കെ-സ്മാര്‍ട്ട് പോര്‍ട്ടലിനു രൂപം നല്‍കി. ഇ-ഓഫീസ് സംവിധാനങ്ങളെ കാര്യക്ഷമമാക്കി.

പി.എസ്.സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍ നടത്തി. 30,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തുന്ന പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനാണ് കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍. കേന്ദ്ര സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവില്‍ സര്‍വ്വീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചത്.

ഇതിനൊക്കെ പുറമെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവകേരള സദസ്സുകള്‍ സംഘടിപ്പിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പ്രത്യേകം സദസ്സുകള്‍ സംഘടിപ്പിച്ചതിനു പുറമെ ഓരോ വിഭാഗങ്ങള്‍ക്കുമായി പ്രത്യേക സദസ്സുകളും സംഘടിപ്പിക്കുകയുണ്ടായി. 6 ലക്ഷത്തിലധികം നിവേദനങ്ങളാണ് അവയിലൂടെ സ്വീകരിച്ചത്. അവ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിവരികയാണ്.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാന്‍ തയ്യാറെടുക്കുകയാണ് നാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും മെഷീന്‍ ലേണിങ്ങിനും എല്ലാം മേല്‍ക്കൈവരുന്ന കാലമാണിത്. 2050ഓടെ ലോകത്തുണ്ടാകുന്ന 75 ശതമാനം തൊഴിലുകളും സ്റ്റെം അഥവാ സയന്‍സ് ടെക്‌നോളജി എന്‍ജിനീയറിങ് മാത്തമാറ്റിക്‌സ് മേഖലകളില്‍ നിന്നായിരിക്കും എന്നാണ് വിദഗ്ദ്ധ അഭിപ്രായം. അതു മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ ജെന്‍-എ.ഐ. കോണ്‍ക്ലേവിന് കേരളം വേദിയായി. അന്തര്‍ദേശീയ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സ് കേരളത്തില്‍ നടക്കുകയുണ്ടായി.

2025ല്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണു നാം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യാവസായിക രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുകയാണ്. വ്യവസായ സൗഹൃദ സൂചികയില്‍ ടോപ് അച്ചീവര്‍ പദവി നേടി കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. നമ്മുടെ സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് വിലയിരുത്തിയത്. അതിലൂടെ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ സംരംഭങ്ങള്‍ ആരംഭിക്കാനും 20,500 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഏഴ് ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. പുതുതായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നമ്മുടെ ഐ.ടി. കയറ്റുമതി 34,000 കോടി രൂപയില്‍ നിന്ന് 90,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസന മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്. ദേശീയപാതാ വികസനം പൂര്‍ത്തീകരണത്തോടടുക്കുന്നു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കി. കാസറഗോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍. ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇടുക്കി, വയനാട്, കാസറഗോഡ് എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡി.പി.ആര്‍. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ എയര്‍ സ്ട്രിപ്പിനും 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വ്യവസായ രംഗത്ത് നാം നടത്തുന്ന സുപ്രധാനമായ ഒരു ചുവടുവെപ്പാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പാലക്കാട്ട് 1,710 ഏക്കര്‍ ഭൂമിയില്‍ 3,806 കോടി രൂപയുടെ ഒരു വ്യവസായ സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹൈടെക് വ്യവസായങ്ങള്‍, ടെക്സ്റ്റൈല്‍സ്, ഫുഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകള്‍ക്കു പ്രാധാന്യം കൊടുക്കുന്നതാകും ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്.
കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ഉപകരിക്കുന്നതും 200 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതുമായ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുകയാണ്. അവയവ മാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സ്ഥാപിക്കുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോംസ് സ്ഥാപിക്കുകയാണ്. ആരോഗ്യരംഗത്തെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്ന ഈ കേന്ദ്രത്തിനായി 10 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം, മെഡിക്കല്‍ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിയുന്ന കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം യാഥാര്‍ത്ഥ്യമാവുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സിലെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുകയാണ്. ആദ്യ ഘട്ടത്തിനായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വൈദ്യുതവാഹനങ്ങളിലെ ഘടകങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി ഒരു ഇ.വി. കണ്‍സോര്‍ഷ്യം രൂപീകരിക്കുകയാണ്. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയ്‌റോസ്‌പേസ് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് കേരള സ്‌പേസ് പാര്‍ക്ക് ആരംഭിക്കുകയാണ്.

ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയുന്ന നാലു സയന്‍സ് പാര്‍ക്കുകള്‍ 1,000 കോടി രൂപാ മുതല്‍മുടക്കില്‍ സ്ഥാപിക്കുകയാണ്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. റിന്യൂവബിള്‍ എനര്‍ജി, നെറ്റ് സീറോ എമിഷന്‍, നാനോ ടെക്‌നോളജി, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ജീനോമിക് സ്റ്റഡീസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ് ഡേറ്റാ സയന്‍സസ്, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിങ്ങനെ അതിനൂതന മേഖലകളിലെ 30 മികവിന്റെ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെമ്പാടും ഒരുങ്ങുന്നത്.

ക്ഷേമ മേഖലയിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനായി പ്രതിവര്‍ഷം 11,000 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ക്കായി യു.ഡി.എഫ.് സര്‍ക്കാര്‍ 2011 മുതല്‍ 2016 വരെ ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് 64,000 കോടി രൂപയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെലവഴിച്ചത്. ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

2016 മുതല്‍ക്കിങ്ങോട്ട് ആകെ 3,57,000 പട്ടയങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്. ഭൂമിക്കായി സമരം ചെയ്ത മുത്തങ്ങയിലെ ആദിവാസികളെ യു.ഡി.എഫ്. സര്‍ക്കാര്‍ വെടിവെച്ചു കൊല്ലുകയാണ് ചെയ്തത്. ഈ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാകട്ടെ മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്കു പട്ടയം നല്‍കി. തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചലില്‍ ഭൂമിക്കായി നടന്ന സമരം അവസാനിച്ചിരിക്കുകയാണ്. അതോടെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. 2,730 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 3,937 ഏക്കര്‍ ഭൂമിയാണ് വിവിധ പദ്ധതികളിലായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം നല്‍കിയിട്ടുള്ളത്. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ജനസംഖ്യാനുപാതത്തെക്കാള്‍ കൂടിയ തോതില്‍ അനുവദിക്കുകയാണ്.

ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ലൈഫ് മിഷന്‍ മുഖേന 2016നു ശേഷം 4,03,811 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവയില്‍ 1,41,000 ത്തിലധികം വീടുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തീകരിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി മുഖേന 2,300 ഓളം കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 390 ഫ്‌ളാറ്റുകളും കൈമാറി. 944 ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലൈഫ് മിഷന്‍ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നാലു ശതമാനം സംവരണം ഉറപ്പാക്കി.

2025 നവംബര്‍ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തെ കണക്കെടുത്താല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള വിപണി ഇടപെടലിനു മാത്രമായി 14,000 കോടിയോളം രൂപയാണ് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ട 886 സ്ഥാപനങ്ങളില്‍ 683 എണ്ണവും പൂര്‍ത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കാണുന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നാക്ക് റാങ്കിങില്‍ എം.ജി., കേരള സര്‍വ്വകലാശാലകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വ്വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിക്കുകയുണ്ടായി. കേരളത്തിലെ 18 കോളേജുകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളേജുകള്‍ക്ക് എ പ്ലസ് ഗ്രേഡും 53 കോളേജുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു. എന്‍.ഐ.ആര്‍.എഫ്. റാങ്കിങിലെ രാജ്യത്തെ മികച്ച 200 കോളേജുകളില്‍ 42 എണ്ണവും കേരളത്തിലുള്ളവയാണ്.

ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് കാര്യമായൊന്നും ലഭിച്ചില്ല. സംസ്ഥാനത്തിന് പ്രത്യേക റെയില്‍വേ സോണ്‍, എയിംസ് ആശുപത്രി തുടങ്ങി നിരവധി പദ്ധതികള്‍ അവയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഈ പദവി ലഭിച്ചാലേ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങാനാകൂ. മലബാറിലെ യാത്രാസൗകര്യവും ചരക്കുവിനിമയവും വര്‍ദ്ധിപ്പിക്കാനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഇത് അത്യാവശ്യമാണ്.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധന കമീഷന്‍ ഗ്രാന്റില്‍ കേന്ദ്രം വലിയ കുറവ് വരുത്തി. പന്ത്രണ്ടാമത് ധന കമീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധന കമീഷന്‍ ആകുമ്പോഴേക്കും 2.68 ശതമാനമായാണ് കുറഞ്ഞത്. 1.88 ശതമാനത്തിന്റെ കുറവ്. ബി.ജെ.പി. ഭരണം നടത്തുന്ന ചില സംസ്ഥാനങ്ങള്‍ക്ക് രണ്ടര ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ച് 16.05 ശതമാനം വിഹിതം നല്‍കുമ്പോഴാണ് ഏകദേശം പകുതിയായി നമ്മുടെ വിഹിതം വെട്ടിക്കുറച്ചത്.

ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളില്‍ കേന്ദ്രം കൈ കടത്തുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടും ഫെഡറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അതിനു തുരങ്കം വെക്കാനാണ് ഇവിടുത്തെ പ്രതിപക്ഷം ശ്രമിച്ചത്. എന്നുമാത്രമല്ല കിഫ്ബിയെയും ലൈഫ് മിഷനെയും തകര്‍ത്തുകൊണ്ട് കേരളത്തിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും അവര്‍ ശ്രമിച്ചു.

ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഒന്നാണിത്. മുണ്ടക്കൈയില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര്‍ എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ ഓഗസ്റ്റ് 17ന് കേന്ദ്രത്തിന് നിവേദനം നല്‍കി.

പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. ഹൈക്കോടതിയും നിയമസഭയും ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറായിട്ടില്ല. ദുരന്തബാധിതരെയും അതിനെ അതിജീവിച്ചവരെയും അപമാനിക്കുകയാണ് കേന്ദ്രം. ദുരന്തമുണ്ടായിട്ട് 90 ദിവസം കഴിഞ്ഞിട്ടും ഒരു പൈസ പോലും കേന്ദ്രത്തിന്റെ സഹായമായി അനുവദിച്ചിട്ടില്ല എന്നത് ക്രൂരമായ അവഗണനയാണ്.

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ ഔദ്യോഗികമായി സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും കാത്തുനില്‍ക്കാതെയാണ് കേന്ദ്രം അവയ്ക്കു സഹായം അനുവദിച്ചത്. അവരെ സഹായിക്കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു മാത്രമാണ് സഹായം നിഷേധിക്കുന്നത് എന്നതില്‍ നിന്നുതന്നെ ഈ അവഗണന ബോധപൂര്‍വ്വവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാണ്.

ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഒരു വാക്കെങ്കിലും ഉരിയാടാന്‍ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ല. കേന്ദ്ര കുടിശ്ശികയൊന്നും ഇല്ലെന്നും കേരളത്തിന് കേന്ദ്രം എല്ലാം തന്നെന്നും സ്ഥാപിക്കാനാണ് ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചത്. കേരളത്തിനു വികസന പദ്ധതികള്‍ അനുവദിക്കരുത് എന്നുപോലും അവരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒരര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കേരളവിരുദ്ധതയ്ക്ക് കുടപിടിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്.

ഇത്തരം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. നേട്ടങ്ങള്‍ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാര്‍ഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകള്‍ സൃഷ്ടിക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂര്‍ണ്ണമായ സാമൂഹിക ജീവിതം എന്നിവ എട്ടര വര്‍ഷംകൊണ്ട് കേരളത്തിന്റെ പ്രതേ്യകതയായി. അത്തരമൊരു അന്തരീക്ഷത്തില്‍ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം ഇപ്പോള്‍ ചെയ്യുന്നത്. അതിനായി നമുക്ക് ഒരേ മനസ്സോടെ നീങ്ങാം.

Recent Articles

Related Articles

Special

Enable Notifications OK No thanks