തൃശ്ശൂര്‍: കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എയെന്ന് കേരള പൊലീസ്. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനത്തെ മൂന്ന് ബി.ജെ.പി. നേതാക്കളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ച തൃശ്ശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ.രാജുവാണ് എല്ലാ വിശദാംശങ്ങളും അറിയിച്ച് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയത്. 2021 ഓഗസ്റ്റ് എട്ടിനു കൈമാറിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തതിലാണ് പുറത്തുവന്നത്.
കേരളാ പൊലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം.ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവര്‍ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാന്‍ ഇഡിയോട് ആവശ്യപ്പെട്ടുള്ളതാണ് പൊലീസ് റിപ്പോര്‍ട്ട്.
41.40 കോടി രൂപയാണ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കേസന്വേഷിച്ച പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ 14.4 കോടി രൂപയാണ് കര്‍ണാടകത്തില്‍ നിന്ന് എത്തിയത്. മറ്റ് ഹവാല റൂട്ടിലൂടെ 27 കോടി രൂപയെത്തി. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ഹവാല റൂട്ടുകളുടെ പട്ടികയും പൊലീസ് കൈമാറിയിരുന്നു.
പി.എം.എല്‍.എയുടെ പരിധിയില്‍ പെടുന്ന വിവരങ്ങള്‍ മറ്റൊരു റിപ്പോര്‍ട്ട് ആയാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. ബംഗളൂരുവില്‍ എങ്ങനെയാണ് ഹവാല ഇടപാടുകള്‍ നടക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങളുണ്ട്. രണ്ട് ഹവാല ഓപ്പറേറ്റര്‍മാരില്‍ നിന്നാണ് ധര്‍മ്മരാജനിലേക്ക് പണം എത്തിയത്. ഓരോ തവണയും ബംഗളൂരുവില്‍ എത്തുമ്പോള്‍ ഓരോ മൊബൈല്‍ നമ്പറുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ ടവര്‍ ലൊക്കേഷനുകളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ദിവസവും എങ്ങനെയാണ് പണം എത്തിയത്, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത്. തുടങ്ങിയ വിവരങ്ങള്‍ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇ.ഡി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ടവര്‍ ലൊക്കേഷനുകളടക്കമുള്ള നിര്‍ണായക വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനുമേല്‍ ഇ.ഡി. പക്ഷേ ഒരു നടപടിയുമെടുത്തിട്ടില്ല.