ആലപ്പുഴ∙ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തത്. ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ മാധ്യമങ്ങളോട് ദൃശ്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ അത്തരത്തിലുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പരാതിക്കാധാരമായ തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവകേരള യാത്രയ്ക്കിടെ ഡിസംബര്‍ 15ന് ആലപ്പുഴ ടൗണില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാർ ചാടിയിറങ്ങി സമരക്കാരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുകയുണ്ടായി.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനില്‍ കുമാര്‍, സന്ദീപ് എന്നിവരെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ചോദ്യം ചെയ്തിരുന്നു. ഇരുവരും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണമാണെന്നാണ് അന്തിമ റിപ്പോർട്ടിലുള്ളത്.