അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 71 ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.
ലഭിച്ച മൃതദേഹഭാഗം ഡി.എന്‍.എ. പരിശോധനയ്ക്കായി മംഗളൂരുവിലെ ലാബിലേക്ക് അയയ്ക്കും. ട്രക്കിനുള്ളില്‍ 75-ശതമാനത്തോളം മൃതദേഹഭാഗമുണ്ടെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. മണ്ണിടിച്ചിലില്‍ അര്‍ജുന് പുറമേ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷിനും ജഗന്നാഥനുംവേണ്ടി തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലായ് 16ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.
തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെയുള്ളവ ഒട്ടേറെ പേര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും രക്ഷാദൗത്യത്തിന് എല്ലായ്പ്പോഴും തടസ്സമായി. രണ്ടു മാസങ്ങള്‍ക്കു ശേഷം കാലാവസ്ഥ അനുകൂലമാകുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് തിരച്ചിലിന് ഫലപ്രാപ്തിയുണ്ടായത്. ഡ്രഡ്ജര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. സി.പി. 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.
പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.’ അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. ‘കുടുംബത്തെ സംബന്ധിച്ചിടത്തോളം അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.’ ജിതിന്‍ പറഞ്ഞു.