ആര്‍.എസ്.എസ്. സഹകരിക്കില്ല, അന്വേഷണം സര്‍ക്കാരിനെയും വെട്ടിലാക്കും
തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം. ഇന്ന് മന്ത്രിസഭാ യോഗത്തിന് മുമ്പാണ് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം കേരള പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കിയത്. ആഭ്യന്തര വകുപ്പില്‍ നിന്ന് അടിയന്തര പ്രാധാന്യത്തോടെയാണ് അന്വേഷണ ആവശ്യം പൊലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാദ്ധ്യത. അന്വേഷണ ഉദ്യോഗസ്ഥരെ കേരള പൊലീസ് മേധാവി തീരുമാനിക്കും. എം.ആര്‍.അജിത് കുമാറുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. സമയ ബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
എം.ആര്‍.അജിത് കുമാര്‍ സുഹൃത്തായ ആര്‍.എസ്.എസ്. നേതാവ് ജയകുമാറുമായി ഒന്നിച്ചാണ് ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത്. തൃശ്ശൂരിലും തിരുവനന്തപുരത്തുമായി അടുത്തടുത്ത ദിവസങ്ങളിലായാണ് കൂടിക്കാഴ്ച നടത്തിയത്. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹെസബാള, റാം മാധവ് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ മറ്റ് രണ്ട് പ്രമുഖര്‍ കൂടി പങ്കെടുത്തിരുന്നുവെന്ന് പൊലീസിന് വ്യക്തമാണ്. അന്താരാഷ്ട്ര വ്യവസായ രംഗത്തെ പ്രമുഖനും സംസ്ഥാനത്തെ വ്യവസായ പ്രമുഖനും ഈ കൂടിക്കാഴ്ചയില്‍ ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ പ്രഖ്യാപിച്ച കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിനെ വെട്ടിലാക്കും. രണ്ട് സംഘടനാ നേതാക്കളെ കാണുന്നത് കുറ്റമായി കാണാനാകില്ല. ഈ കൂടിക്കാഴ്ചയില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഔദ്യോഗിക രഹസ്യങ്ങളോ പരിഗണനയിലിരിക്കുന്ന വിഷയങ്ങളോ ചര്‍ച്ചയായിട്ടുണ്ടെങ്കില്‍ മാത്രമെ നിയമപരമായ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അന്വേഷണം നിയമാസൃതമാകണമെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. എന്നാല്‍ അത്തരം ഒരു അന്വേഷണം സാദ്ധ്യമാകില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.
കൂടിക്കാഴ്ചയില്‍ പങ്കെടുത്ത പ്രമുഖ നേതാക്കളും ഇടനിലക്കാരനായ ആര്‍.എസ്.എസ്. നേതാവും അന്വേഷണവുമായി സഹകരിക്കാനോ മൊഴി നല്‍കാനോ തയ്യാറാകില്ല. അതോടെ അന്വേഷണം പ്രതിസന്ധിയിലാകും. നിയമപരമായ രീതിയില്‍ ഔദ്യോഗിക വിഷയങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സംശയത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണെങ്കില്‍ അന്വേഷണ സംഘത്തിന് നോട്ടീസ് നല്‍കി കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്യാം. ഇത്തരമൊരു നടപടി സ്വീകരിച്ചാല്‍ ആര്‍.എസ്.എസ്. നിയമപരമായി തന്നെ നേരിടും. ഇതോടെ വിവാദങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും.
തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം നടത്തുകയെന്നതാണ് പൊലീസിന്റെ മുന്നിലുള്ള മാര്‍ഗം. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തൃശ്ശൂര്‍ സിറ്റി പൊലീസ് മുന്‍ കമ്മിഷണര്‍ അങ്കിത് അശോകനെ പ്രതിചേര്‍ത്ത് കേസെടുക്കണം. ഒപ്പം എം.ആര്‍.അജിത് കുമാറിനെയും അദ്ദേഹം കൂടിക്കാഴ്ച നടത്തിയ രണ്ട് ആര്‍.എസ്.എസ്. നേതാക്കളെയും ഇടനിലക്കാരനായ സംസ്ഥാന നേതാവിനെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം നടത്തിയാല്‍ മാത്രമെ നിയമപരമായി അവരെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും കഴിയുകയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ ഒരു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താലും ആര്‍.എസ്.എസ്. കോടതിയില്‍ ചോദ്യം ചെയ്യും. ഇതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.