29 C
Trivandrum
Wednesday, February 5, 2025

സോളാര്‍ കേസ് അട്ടിമറിക്കുള്ള പ്രതിഫലമുപയോഗിച്ച് എ.ഡി.ജി.പി. ഫ്‌ളാറ്റ് വാങ്ങിയെന്ന് അന്‍വര്‍

മലപ്പുറം: സോളര്‍ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ തിരുവനന്തപുരം നഗരത്തിലെ പട്ടത്ത് ഫ്‌ളാറ്റ് വാങ്ങിയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ആരോപിച്ചു. 33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് വില്പന നടത്തി. ഇതിലൂടെ 32 ലക്ഷം രൂപ കള്ളപ്പണം വെളുപ്പിച്ചെന്നും നാലു ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയെന്നും അന്‍വര്‍ ആരോപിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് 2016 ഫെബ്രുവരി 19നാണ് അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങിയതെന്ന് അന്‍വര്‍ പറഞ്ഞു. 33.80 ലക്ഷത്തിനു വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വില്പന നടത്തിയ മാജിക് എന്താണെന്നും, ആരാണ് ഫ്‌ളാറ്റില്‍ ഇപ്പോള്‍ താമസിക്കുന്നതെന്നും വാടക ആരാണ് വാങ്ങുന്നതെന്നും മാധ്യമങ്ങള്‍ അന്വേഷിക്കണം. നിര്‍മ്മാണ കമ്പനി പ്രതിനിധിയാണ് ഫ്‌ളാറ്റ് തിരികെ വാങ്ങിയത്. 55 ലക്ഷംരൂപ വിലയുള്ളപ്പോഴാണ് 34 ലക്ഷത്തിന് കമ്പനി അജിത് കുമാറിന് ഫ്‌ളാറ്റ് വിറ്റത്. തിരികെ വാങ്ങിയത് 65 ലക്ഷത്തിനും. 32 ലക്ഷംരൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. ഇങ്ങനെ നിരവധി ഇടപാടുകള്‍ അജിത്കുമാര്‍ നടത്തി. കവടിയാറില്‍ ആഡംബര വീട് നിര്‍മിക്കുന്നതിനോട് ചേര്‍ന്ന് സഹോദരന്റെ പേരില്‍ വസ്തു വാങ്ങി. അതു സംബന്ധിച്ചും ഡി.ജി.പിക്ക് കത്തു നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞു.

വസ്തു വാങ്ങിയാല്‍ ആധാരം റജിസ്റ്റര്‍ ചെയ്തു രേഖകള്‍ ലഭിക്കാന്‍ 15 ദിവസം ചുരുങ്ങിയത് വേണം. അജിത്കുമാറിന് വേഗം രേഖകള്‍ ലഭിച്ചു. ഫ്‌ളാറ്റ് ഇടപാടിലൂടെ വന്‍നികുതി വെട്ടിപ്പും നടന്നു. ഒരു വസ്തു വാങ്ങി 90 ദിവസത്തിനകം മറ്റൊരാള്‍ക്ക് വിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഇരട്ടി അടയ്ക്കണം. 2020 വരെ ആ നിയമം ഉണ്ടായിരുന്നു. അജിത്കുമാര്‍ ഈ നികുതി കൃത്യമായി അടച്ചിട്ടില്ല. നാലു ലക്ഷത്തിലധികം രൂപ ഇങ്ങനെ വെട്ടിച്ചു. ഇതെല്ലാം വിജിലന്‍സ് അന്വേഷിക്കണം. അജിത്കുമാറിന് മൂന്നു വീടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും വീട് വാങ്ങാന്‍ ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ല. ഭാര്യയുടെയും ഭാര്യാസഹോദരന്‍മാരുടെയും പേരിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks