Follow the FOURTH PILLAR LIVE channel on WhatsApp
ജയസൂര്യയെ നായകനാക്കി ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘അറുപത്താറിൽ ആറാം പ്രാക്ക്, കള്ളപ്രാക്ക്, കന്നിപ്രാക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. ഭീതിയുണർത്തുന്ന വരികളും ദൃശ്യങ്ങളും വ്യത്യസ്തമായ ആലാപനശൈലിയുമാണ് ഗാനത്തിന്റെ പ്രത്യേകത.
നിർമാതാവ് രാജീവ് ഗോവിന്ദൻ രചിച്ച ഗാനത്തിന് മുജീബ് മജീദും ജോൺസ് റോയിയും ചേർന്നാണ് ഈണമിട്ടിരിക്കുന്നത്. ജോൺസ് റോയിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. ക്രൈസ്തവ പ്രാർഥനാഗീതങ്ങളുടെ ശൈലി ഓർമിപ്പിക്കുന്ന ഈണവും ആലാപനവുമാണ് ഗാനത്തിനുള്ളത്. ചിത്രത്തിന്റെ ഹൊറർ പശ്ചാത്തലവുമായി ചേർന്നുനിൽക്കുന്ന ഗാനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.
സത്യവും മിഥ്യയും കോർത്തിണക്കി വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പുരാതന ക്രൈസ്തവ തറവാടുകളുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ‘കറുത്ത ചനൂട്ട്’ എന്ന ദുർമന്ത്രവാദവും ചിത്രത്തിന്റെ പ്രമേയത്തിൽ പ്രധാന ഘടകമാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഫാന്റസിയും ഹൊററും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രത്തിന് സംവിധായകൻ ജിതിൻ കെ.ജോസും തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, അർഷ ബൈജു, നിരഞ്ജന അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം.റാഫി, വൈഷ്ണവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഫൈസൽ അലിയാണ് ഛായാഗ്രഹണം. മുജീബ് മജീദ് സംഗീതവും പ്രവീൺ കുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. രോഹിത് ആർ.നായരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ ദാസ് കലാസംവിധാനവും അമൽ ചന്ദൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
സിനറ്റ് സേവ്യർ സ്റ്റിൽ ഫോട്ടോഗ്രഫിയും വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ഷനും നിർവഹിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജരും എബി ബെന്നി പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. കിരൺ കാന്തും പ്രൊഡക്ഷൻ വിഭാഗത്തിലുണ്ട്. പി.ആർ.ഒ. വാഴൂർ ജോസ്.
ഡിസംബർ 3ന് സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.



























