Follow the FOURTH PILLAR LIVE channel on WhatsApp
അടുത്തകാലത്ത് ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുരാജ് വെഞ്ഞാറമൂട് വീണ്ടും മുഴുനീള നർമ്മചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ ആരംഭിച്ചു.
വൗ സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് വിലാസിനി സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പൂജാചടങ്ങോടെയായിരുന്നു തുടക്കം. അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഭദ്രദീപം തെളിച്ചു. സന്തോഷ് ത്രിവിക്രമൻ സ്വിച്ചോൺ കർമവും കന്നഡ നടൻ മണികണ്ഠ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.
ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരനായ ഒരാളുടെ കുടുംബജീവിതവും സാമൂഹികജീവിതവും ചേർത്താണ് കഥ വികസിക്കുന്നത്. ഒരു നാടിന്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ഠാനങ്ങളും യാഥാർഥ്യബോധത്തോടെ, ചിരിയും ചിന്തയും പകരുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നീക്കം’ പ്രദർശനത്തിനൊരുങ്ങുന്നതിനിടെയാണ് പുതിയ ചിത്രത്തിന് തുടക്കമായിരിക്കുന്നത്. ‘നീക്കം’ പൂർണമായും ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമായിരുന്നെങ്കിൽ, പുതിയ ചിത്രം അതിൽനിന്ന് വ്യത്യസ്തമായി നർമ്മത്തിന് പ്രാധാന്യം നൽകുന്നതാണ്. ‘നീക്കം’ എന്ന ചിത്രത്തിലെ തിരക്കഥാകൃത്ത് ഉൾപ്പെടെ നിരവധി അണിയറപ്രവർത്തകർ ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട് പ്രകാശൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സമീപകാല കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി നർമ്മമുഹൂർത്തങ്ങൾക്ക് പ്രാധാന്യമുള്ള വേഷമാണിത്.
വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ്, അനഘ നാരായണൻ, നോബി, നന്ദലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, ടെസ്നി ഖാൻ, കൃഷ്ണപ്രഭ, വൃന്ദ മേനോൻ, ഹരീഷ്, സുനിൽകുമാർ, ഉണ്ണി നായർ, അനൂപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിബിൻ ബാലചന്ദ്രനാണ് തിരക്കഥ. ഇലക്ട്രോണിക്സ് കിളി സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. ആണ് എഡിറ്റർ.
എൻ.എസ്.രതീഷാണ് പ്രൊജക്റ്റ് ഡിസൈനർ. മകേഷ് മോഹൻ കലാസംവിധാനവും ജയൻ പൂങ്കുളം മേക്കപ്പും വെങ്കി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വൈശാഖ് രാമൻ അസോസിയേറ്റ് ഡയറക്ടറും സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.
ലെമണേഡ് സ്റ്റുഡിയോസാണ് ഡിസൈൻ നിർവഹിക്കുന്നത്. നിദാദ് സ്റ്റിൽസും അനിൽ അൻസാദ് പ്രൊഡക്ഷൻ മാനേജ്മെന്റും നിർവഹിക്കുന്നു. രാജേഷ് മേനോൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ശ്രീകുമാർ ചെന്നിത്തല പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.
തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കും.
























