‘10 ദിവസം… അതിനുള്ളിൽ കൊലയാളിയെ മുന്നിലെത്തിക്കും’; സൈജു കുറുപ്പിന്റെ ‘ആരം’ ട്രെയിലർ

Follow the FOURTH PILLAR LIVE channel on WhatsApp 

ഒരു കൊലപാതക അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളെ കോർത്തിണക്കിയ ത്രില്ലർ സ്വഭാവമുള്ള ട്രെയിലറുമായി ‘ആരം’. പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്.

“10 ദിവസം… അതിനുള്ളിൽ അവന്റെ മരണത്തിനു പിന്നിലുള്ളവർ ആരായാലും നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്ന് നിർത്തും” എന്ന സംഭാഷണമാണ് ട്രെയിലറിലെ ശ്രദ്ധേയ ഭാഗങ്ങളിലൊന്ന്. പൊലീസ് അന്വേഷണം, രാഷ്ട്രീയ സ്വാധീനം, മാധ്യമങ്ങളുടെ ഇടപെടൽ തുടങ്ങിയ ഘടകങ്ങളിലൂടെ കൊലപാതക കേസിന്റെ വിവിധ തലങ്ങൾ ട്രെയിലർ സൂചിപ്പിക്കുന്നു.

സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സി.ഐ. ആന്റോ ഈപ്പനെ അവതരിപ്പിക്കുന്നത്. ഗൗരവസ്വഭാവമുള്ള അന്വേഷണ ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ വേഷം അദ്ദേഹത്തിന്റെ സമീപകാല കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ‘ആരം’ ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.ജുനൈസ് ബാബുവാണ് നിർമിക്കുന്നത്.

അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീര വാസുദേവ്, അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരതി സന്തോഷ്, രമാദേവി, മാസ്റ്റർ ആദം എറിക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’യുടെ തിരക്കഥാകൃത്തായ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ രചിച്ചിരിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനരചന. രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതസംവിധാനം. ജേക്സ് ബിജോയിയുടെ സഹായി ആയി പ്രവർത്തിച്ചിരുന്ന രോഹിത് ഈ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.

ബാബു പിള്ള പ്രൊഡക്ഷൻ ഡിസൈനും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. കിരൺ മനോജ് മേക്കപ്പും സിബി ചീരൻ സ്റ്റിൽസും റോബിൻ ടോം ശബ്ദരൂപകല്പനയും കൈകാര്യം ചെയ്യുന്നു. ഷിബിൻ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. ശ്രീജിത്ത് ഡാൻസ് സിറ്റിയാണ് നൃത്തസംവിധാനം.

സിജോ ഡൊമിനിക്ക് ഫിനാൻസ് കൺട്രോളറും മെഹ്മൂദ് കാലിക്കറ്റ് പ്രൊഡക്ഷൻ മാനേജരുമാണ്. ഷാജി കൊല്ലം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നികേഷ് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. മാമി ജോ ഡിസൈനും മാംഗോ സ്പേസ് ഡിജിറ്റൽ മാർക്കറ്റിങ്ങും ബ്രിംഗ് ഫോർത്ത് മാർക്കറ്റിങ് ആൻഡ് അഡ്വർട്ടൈസിങ്ങും നിർവഹിക്കുന്നു. വാഴൂർ ജോസാണ് പി.ആർ.ഒ.

ഗുഡ് ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റും ചേർന്ന് സെപ്റ്റംബറിൽ ‘ആരം’ തിയേറ്ററുകളിലെത്തിക്കും.

COMMENT

Recent Articles

Related Articles

Special