കറുത്ത മുണ്ട് മടക്കിക്കുത്തുന്നതാര്? രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ

Follow the FOURTH PILLAR LIVE channel on WhatsApp 

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, പ്രണയം, യുവത്വത്തിന്റെ ആവേശം എന്നിവ കോർത്തിണക്കിയ ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

“സാറേ, പച്ചയാ അപ്പുറത്ത്…”, “എടാ, കേരളാ പൊലീസാ ഇപ്പുറത്ത്…” തുടങ്ങിയ സംഭാഷണങ്ങളാണ് ട്രെയിലറിൽ ശ്രദ്ധ നേടുന്നത്. ‘പച്ച’ എന്ന വിളിപ്പേരുള്ള കഥാപാത്രത്തെയും നിയമപാലകരെയും നേർക്കുനേർ നിർത്തുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

“ടൗണിൽ എല്ലാവരും എന്നെ പച്ച എന്നാണു വിളിക്കുന്നത്” എന്ന സംഭാഷണത്തോടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. പൊലീസ് സംഘവും നിയമം കൈയിലെടുക്കുന്ന മറുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് കഥ മുന്നേറുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്നുള്ള സൂചന.

ട്രെയിലറിന്റെ അവസാനഭാഗത്ത് കറുത്ത മുണ്ട് മടക്കിക്കുത്തുന്ന ഒരാളുടെ ദൃശ്യം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രമാണോ ഇതെന്ന ചർച്ചയും സിനിമാപ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്. എന്നാൽ മമ്മൂട്ടിയുടെ സാന്നിധ്യം സംബന്ധിച്ച് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളും കഥയിൽ നിർണായകമാകുന്നുണ്ട്. ഏകദേശം 90 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്കായി നടത്തിയത്.

ആക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ‘ലോ ആൻഡ് ഓർഡർ’ എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

പ്രകാശ് വർമ്മയും അഭിരാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ.പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവരും ചിത്രത്തിലുണ്ട്.

ഉദയ് കൃഷ്ണയാണ് തിരക്കഥ. ഷിബു ചക്രവർത്തി ഗാനരചനയും ജോ ഡാനിയേൽ സംഗീതവും നിർവഹിക്കുന്നു. ബിജിബാലാണ് പശ്ചാത്തലസംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിർവഹിക്കുന്നു.

സാബു റാം കലാസംവിധാനം, റോഷൻ എൻ.ജി. മേക്കപ്പ്, സമീറ സനീഷ് വസ്ത്രാലങ്കാരം, കിഷൻ സപ്ത ശബ്ദരൂപകല്പന എന്നിവ നിർവഹിക്കുന്നു. സുനിൽ സിങ് ലൈൻ പ്രൊഡ്യൂസറും വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ആന്റണി സ്റ്റീഫൻ ഡിസൈനും ശാലിനി കാസ്റ്റിങ്ങും കൈകാര്യം ചെയ്യുന്നു. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂർ ജോസാണ് പി.ആർ.ഒ.

സത്യം സിനിമാസ്, മഹാ സുബൈർ മൂവിക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സത്യം സിനിമാസ് സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിലെത്തിക്കും.

COMMENT

Recent Articles

Related Articles

Special