പൊലീസ് അസോസിയേഷൻ പിടിക്കാനുള്ള യു.ഡി.എഫ്. നീക്കത്തിന് ഹൈക്കോടതിയുടെ പൂട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

നിലവിലുള്ള പൊലീസ് സംഘടനാ കമ്മിറ്റികൾ പിരിച്ചുവിട്ട് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാൻ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പൊലീസ് അസോസിയേഷനുകൾക്ക് അഡ്ഹോക് സമിതി രൂപവത്കരിക്കാനും പുതിയ ഘടനയിൽ രണ്ട് സംഘടനകൾ കൊണ്ടുവരാനും സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തത്. സർക്കാർ നീക്കത്തിന് കനത്ത തിരിച്ചടിയായാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്.

ജൂലൈ 27ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെതിരെ കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. നിലവിലുള്ള സംഘടനാ സംവിധാനങ്ങളെ മരവിപ്പിച്ച് അഡ്ഹോക് കമ്മിറ്റികൾ രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഘടന രൂപവത്കരിക്കാനും പ്രവർത്തിക്കാനും ഉള്ള മൗലികാവകാശം സർക്കാർ ഉത്തരവ് ലംഘിക്കുന്നുവെന്നായിരുന്നു പ്രധാന വാദം.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നിർത്തലാക്കി, സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർവരെ ഉൾപ്പെടുന്ന രീതിയിൽ കേരള പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിക്കാനായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് പുറമെ എസ്.ഐ. മുതൽ എസ്.പി. വരെയുള്ളവരെ ഉൾപ്പെടുത്തി കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിക്കാനും നിർദേശിച്ചിരുന്നു.

നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളെ മാറ്റി സർക്കാർ നിശ്ചയിക്കുന്ന അഡ്ഹോക് സംവിധാനത്തിലേക്ക് സംഘടനകളെ കൊണ്ടുവരാനുള്ള നീക്കമാണ് കോടതി താൽക്കാലികമായി തടഞ്ഞത്. ഹർജി തീർപ്പാക്കുന്നതുവരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചു.

പൊലീസ് സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനത്തെ നിയന്ത്രിക്കാനും നിലവിലുള്ള സംഘടനാ ഘടന കൈവശപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു സർക്കാർ നീക്കമെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. ഹൈക്കോടതി ഉത്തരവോടെ പൊലീസ് അസോസിയേഷൻ പിടിക്കാനുള്ള യു.ഡി.എഫ്. സർക്കാരിൻ്റെ ശ്രമത്തിന് തൽക്കാലം പൂട്ട് വീണു.

COMMENT

Recent Articles

Related Articles

Special