Follow the FOURTH PILLAR LIVE channel on WhatsApp
സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ആദ്യദിന കണക്കുകൾ സംബന്ധിച്ച് ആശയക്കുഴപ്പം. പദ്ധതി ആരംഭിച്ച ദിവസം 13.3 ലക്ഷം സ്ത്രീകൾ സൗജന്യ യാത്രാ സൗകര്യം ഉപയോഗിച്ചതായി കെ.എസ്.ആർ.ടി.സി. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് യഥാർഥ ഗുണഭോക്താക്കളുടെ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുറത്തുവിട്ട കണക്കുകൾ പാസഞ്ചർ ലോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരാൾ നടത്തിയ ഓരോ യാത്രയും പ്രത്യേകം രേഖപ്പെടുത്തപ്പെടുന്നതിനാൽ യാത്രക്കാരുടെ എണ്ണം അത്രയാകണമെന്നില്ലെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ജോലിക്കും മറ്റും പോയി മടങ്ങിയെത്തുന്നവരുടെ യാത്രകൾ രണ്ടുതവണയായി കണക്കാക്കപ്പെടുന്നുണ്ട്. ഇതിനിടെ ഒരു ഭാഗത്തേക്കു മാത്രം യാത്ര ചെയ്തവരുമുണ്ടാവും. അപ്പോൾ ന്യായമായ അനുമാനം ആകെ പാസഞ്ചർ ലോഡിൻ്റെ 60 ശതമാനം പേർ യാത്ര ചെയ്തു എന്നതാണ്. അങ്ങനെ നോക്കുമ്പോൾ യഥാർഥ ഗുണഭോക്താക്കളുടെ എണ്ണം 8 ലക്ഷത്തിൽ താഴെയായിരിക്കാമെന്നാണ് വിലയിരുത്തൽ.
ഇതനുസരിച്ച് ആകെ സ്ത്രീ യാത്രക്കാരിൽ 15 ശതമാനത്തിൽ താഴെപ്പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായതെന്നാണ് കണക്കുകൂട്ടൽ. അതിനാൽ പദ്ധതി പ്രതീക്ഷിച്ചത്ര ഉൾക്കൊള്ളുന്നതല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതേസമയം, സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിനായി സ്ത്രീ സുരക്ഷാ പെൻഷൻ മുടക്കുന്ന സർക്കാർ നടപടിക്കെതിരെ വിമർശം രൂക്ഷമായിട്ടുണ്ട്. വിവിധ സാമൂഹിക സുരക്ഷാ ശ്രുംഖലകളുടെ പുറത്തുള്ള, ജോലി ചെയ്യുന്ന പ്രായത്തിലെ സ്ത്രീകൾക്കുള്ള 1,000 രൂപ സഹായമാണ് സ്ത്രീ സുരക്ഷാ പെൻഷൻ. നിലവിൽ 18 ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്. കഴിഞ്ഞ 2 മാസമായി ഇത് നല്കുന്നില്ല. 18 ലക്ഷം പേർക്കുള്ള ആനുകൂല്യം ഇല്ലാതാക്കിയാണ് 8 ലക്ഷം പേർക്കു സൗജന്യ യാത്ര ഒരുക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക കണക്കുപ്രകാരം പദ്ധതിയുടെ ആദ്യദിന വരുമാന നഷ്ടം 1,59,56,801 രൂപയാണ്. ഈ കണക്ക് അടിസ്ഥാനമാക്കി ദിവസേന സമാനമായ യാത്രക്കാരുടെ എണ്ണം തുടരുമെന്ന് കണക്കാക്കിയാൽ വാർഷിക വരുമാന നഷ്ടം 582.43 കോടി രൂപയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഉദ്ഘാടന ദിനത്തിലെ തിരക്ക് എല്ലാ ദിവസവും ആവർത്തിക്കില്ലെന്നും അവധി ദിനങ്ങളും യാത്രാ വ്യതിയാനങ്ങളും പരിഗണിക്കുമ്പോൾ വാർഷിക ബാധ്യത 450 മുതൽ 500 കോടി രൂപ വരെ മാത്രമായിരിക്കുമെന്നാണ് കണക്ക്. ഇത്തരത്തിൽ 500 കോടി രൂപയിൽ താഴെ വാർഷിക ബാദ്ധ്യത മാത്രം വരുന്ന സൗജന്യ യാത്രാ പദ്ധതിയെ കാണിച്ച് നിലവിലെ കണക്കനുസരിച്ച് 2,500 കോടി വാർഷിക ചെലവുള്ള സ്ത്രീ സുരക്ഷാ പെൻഷൻ എന്ന നടപ്പു പദ്ധതിയെ തകർക്കുന്ന നീക്കമാണ് യു.ഡി.എഫ്. സർക്കാര്‍ നടത്തുന്നത്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.

























