Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിലെ സർവകലാശാലകളുടെ കാവിവത്കരണത്തെ നഖശിഖാന്തം എതിർത്തിരുന്ന എൽ.ഡി.എഫ്. സര്‍ക്കാർ അധികാരമൊഴിഞ്ഞതോടെ സംഘപരിവാറിന് അനുകൂലമായ കൂടുതൽ നടപടികളിലേക്കു കടന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. എം.ജി. സർവകലാശാലയിൽ സംഘപരിവാർ–ബി.ജെ.പി. അംഗങ്ങളെ കുത്തിനിറച്ച് ഗവർണർ സെനറ്റ് പുനഃസംഘടിപ്പിച്ചു. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി വി.ഡി.സതീശനോ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണോ തയ്യാറായിട്ടില്ലെന്നു മാത്രമല്ല സർക്കാര്‍ ഈ വിഷയം കണ്ടില്ലെന്നു നടിച്ച മട്ടാണ്.
ബി.ജെ.പി. ദേശീയ സമിതിയംഗം ജെ.പ്രമീളാദേവി ഉൾപ്പെടെ 19 പേരെയാണ് 30 അംഗ സെനറ്റിലേക്ക് ചാൻസലർകൂടിയായ ഗവർണർ നാമനിർദേശം ചെയ്‌തത്. സെനറ്റ് പുനഃസംഘടിപ്പിച്ച് വ്യാഴാഴ്‌ച വിജ്ഞാപനമിറങ്ങി. 30 അംഗ സെനറ്റിൽ 11 പേർ വിവിധ വകുപ്പ് മേധാവികളും ഡീൻമാരുമാണ്. യു.ഡി.എഫ്. സർക്കാരിൻ്റെ കൂടി അറിവോടെ കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവ് ഡി.മാവൂതിനെ വി.സിയാക്കിയതിന് പിന്നാലെയാണ് സെനറ്റ് പുനഃസംഘടിപ്പിച്ച് വിജ്ഞാപനമിറക്കിയത്. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ ബുധനാഴ്‌ച പുതിയ വി.സിയെ സന്ദർശിച്ചിരുന്നു.
ഗവർണർ നാമനിർദേശം ചെയ്‌തവരെല്ലാം വിവിധ മേഖലകളിലെ സംഘപരിവാർ സംഘടനാ നേതാക്കളാണ്. എഴുത്തുകാരുടെ മേഖലയിലാണ് പ്രമീളാദേവിയെ നിയമിച്ചത്. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ എത്തിയ അവർ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. ആർ.എസ്.എസ്. സജീവ പ്രവർത്തകനും അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എൻ.ശങ്കർരാമൻ, ബി.ജെ.പിയുടെ കോളേജ് അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിൻ്റെ സജീവ പ്രവർത്തകനായ ഗണേഷ്‌ചന്ദ്ര പ്രഭു, ബി.ജെ.പി. സ്‌കൂൾ അധ്യാപകരുടെ സംഘടനയായ നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ നേതാക്കളായ ആർ.ജിഗി, കെ.രാജേഷ് മോഹൻ, എൻ.മനു, കാലടി സംസ്‌കൃത സർവകലാശാലയിലെ എ.ബി.വി.പി. പ്രവർത്തകയായിരുന്ന എസ്.മേഘ തുടങ്ങിയവരെയാണ് ഗവർണർ നാമനിർദേശം ചെയ്‌തത്. മാധ്യമപ്രവർത്തകരുടെ മേഖലയിൽനിന്ന് പട്ടികയിൽ ഉൾപ്പെട്ട മാതൃഭൂമി കുട്ടനാട് പ്രാദേശിക ലേഖകൻ കെ.രംഗനാഥ് കൃഷ്‌ണയും സംഘപരിവാർ അനുഭാവിയാണ്.
വി.സി. നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ 26ന് സെനറ്റ് യോഗം നിശ്‌ചയിച്ചിരുന്നു. മന്ത്രി റോജി എം.ജോണും ഗവർണറും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ 25ന് സെനറ്റ് യോഗം മാറ്റിവെയ്‌ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെ വി.സിയായി ഗവർണർ നിയമിച്ചു. സർക്കാർ പാനൽ പോലും നൽകാതുള്ള സർക്കാർ–ഗവർണർ ഡീലിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
























