ഭാജപായെ പാറ്റപ്പാർട്ടി വിഴുങ്ങുമോ?

Follow the FOURTH PILLAR LIVE channel on WhatsApp 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) കുതിപ്പ് ശരിക്കും ബി.ജെ.പി. എന്ന ഭാജപായെ അങ്കലാപ്പിലായിക്കിയിരിക്കുകയാണോ? ഈ പാറ്റപ്പാർട്ടി തങ്ങളെ പടിപടിയായി കാർന്നുതിന്നുമെന്ന് ഭാജപാ ഭയക്കുന്നുണ്ടോ? ഉണ്ട് എന്നുവേണം അനുമാനിക്കാൻ.

അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച ഈ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ചത് തന്നെയാണ് ഇതിനു തെളിവ്. ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബി.ജെ.പിയെക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയിൽ ഇവരുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. അഭിജീത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിൻ്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

സി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞിരുന്നു. ഇതിനിടെ ബി.ജെ.പിയെ, സി.ജെ.പി. മറികടക്കുകയും ചെയ്തു. 87 ലക്ഷം ഫോളോവർമാരാണ് ബി.ജെ.പിക്കുള്ളത്. നിലവിൽ ഒരുകോടി 8 ലക്ഷം ഫോളോവർമാരുള്ള കോക്രോച്ച് പാർട്ടിയുടെ മുന്നിൽ ഇനിയുള്ളത് കോൺഗ്രസാണ്. ഒരുകോടി 33 ലക്ഷം ഫോളോവർമാരാണ് നിലവിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ഫോളോ ചെയ്യുന്നത്. ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ 50ഓളം പോസ്റ്റുകൾ മാത്രമാണ് ഇതിനകം സി.ജെ.പി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് എന്നറിയുമ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം മനസ്സിലാവുക.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റി ബിരുദധാരിയും മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ക്യാമ്പയിൻ പ്രവർത്തകനുമായിരുന്നു കോക്രോച്ച് പാർട്ടിയുടെ സ്ഥാപകനായ 30കാരൻ അഭിജീത് ദിപ്കെ. സി.ജെ.പിയുടെ സ്ഥാപക പ്രസിഡൻ്റ് എന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ‘യുവാക്കളുടെ രാഷ്ട്രീയ മുന്നണി, യുവാക്കളാൽ, യുവാക്കൾക്ക് വേണ്ടി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ മുദ്രാവാക്യം ‘സെക്കുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയൻ)’ എന്നാണ്. കോക്രോച്ച് ജനതാ പാർട്ടിക്കായി വെബ്‌സൈറ്റും ദിപ്കെ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആർക്കും ‘പാർട്ടി’യിൽ ചേരാം.

ഗൗരവകരമായ രാഷ്ട്രീയ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുന്നതോടൊപ്പം തന്നെ മീമുകളിലൂടെയും ഹാസ്യത്തിലൂടെയും യുവജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനും കോക്രോച്ച് പാർട്ടിക്ക് സാധിച്ചു. ഒരു സമാന്തര ഡിജിറ്റൽ വിപ്ലവമായി വളർന്ന ഈ പാർട്ടി, ഇന്ത്യൻ രാഷ്ട്രീയ ചർച്ചകളിൽ നിലവിൽ വലിയ പ്രാധാന്യം നേടിക്കഴിഞ്ഞു.

കഴിഞ്ഞ ആഴ്ച ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശങ്ങൾക്കുള്ള പരിഹാസ രൂപേണയുള്ള മറുപടിയായാണ് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേര് രൂപപ്പെട്ടത്. തൊഴിലില്ലാത്ത ചില യുവാക്കളെയും ഓൺലൈൻ ആക്ടിവിസ്റ്റുകളെയും പരാമർശിക്കവേ ചീഫ് ജസ്റ്റിസ് അവരെ ‘പാറ്റകൾ’ (cockroaches), ‘പരാദങ്ങൾ’ (parasites) എന്നിവയോട് ഉപമിച്ചത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടവെച്ചിരുന്നു.

ചീഫ് ജസ്റ്റിസിൻ്റെ പരാമർശങ്ങളാണ് ഈ പ്രസ്ഥാനത്തിന് പിന്നിലെ വൈകാരികമായ പ്രേരണയെന്ന് അഭിജീത് പിന്നീട് പറയുകയുണ്ടായി. ‘നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുടെ സംരക്ഷകനായ ചീഫ് ജസ്റ്റിസിൽനിന്നാണ് അത്തരം പരാമർശങ്ങൾ ഉണ്ടായതെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്.’ എന്നാണ് അഭിജീത് ഒരഭിമുഖത്തിൽ പറഞ്ഞത്.

തൻ്റെ വാക്കുകൾ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജ ബിരുദം ഉപയോഗിച്ച് തൊഴിൽ മേഖലകളിൽ പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചെങ്കിലും ഓൺലൈൻ പ്രതിഷേധം തണുപ്പിക്കാനായില്ല. സി.ജെ.പി. കൂടുതൽ ജനശ്രദ്ധ നേടിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത പ്രവർത്തകരെയും വിവിധ പ്ലാറ്റ്ഫോമുകളിലായി ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയും നേടാൻ പാർട്ടിക്കായി.

അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, സാമൂഹിക പ്രവർത്തകയായ അഞ്ജലി ഭരദ്വാജ്, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ചലച്ചിത്രപ്രവർത്തകരായ അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ്, കൊമേഡിയനായ കുനാൽ കമ്ര തുടങ്ങിയവർ ഇതിനകം ‘പാർട്ടി’യിൽ ‘അംഗത്വ’മെടുത്തിട്ടുണ്ട്. ആക്ഷേപഹാസ്യവും ഗൗരവമേറിയ രാഷ്ട്രീയ ആവശ്യങ്ങളും ചേർന്നതാണ് പാർട്ടിയുടെ പ്രകടനപത്രിക.

ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം രാജ്യസഭാ സ്ഥാനങ്ങൾ നൽകുന്നത് നിരോധിക്കുക, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവാദിത്വം ഉറപ്പാക്കുക, പാർലമെൻ്റിലും മന്ത്രിസഭയിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുക, മാധ്യമ ഉടമസ്ഥതയിലും തൊഴിലവകാശങ്ങളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരിക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ഇതൊരു താൽക്കാലിക തമാശ മാത്രമല്ലെന്നും ഇന്ത്യൻ യുവാക്കൾക്കിടയിൽ വളരുന്ന നിരാശയുടെ പ്രതിഫലനമാണെന്നും ദിപ്കെ ആവർത്തിച്ചു. കോക്രോച്ച് ജനത പാർട്ടി ഒരു ഔദ്യോഗിക രാഷ്ട്രീയ സംഘടനയായി മാറുമോ അതോ ഒരു ഓൺലൈൻ പ്രതിഷേധമായി തുടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. എങ്കിലും, എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെക്കപ്പെട്ടതും സോഷ്യൽ മീഡിയയിലെ സ്വാധീനം വർധിച്ചതും കാരണം സി.ജെ.പി. ഇപ്പോൾ ദേശീയ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.

Recent Articles

Related Articles

Special