Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും അതിവേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫേയ്‌സ് – യു.എല്‍.ഐ. എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ. മാതൃകയിലുള്ള പുതിയ പ്ലാറ്റ്‌ഫോം വായ്പാ വിതരണം കാര്യക്ഷമവും ദ്രുതഗതിയിലും പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
യു.എല്‍.ഐയുടെ പൈലറ്റ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് തുടക്കമിട്ടത്. വായ്പ എടുക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനൊപ്പം വായ്പാശേഷിയും ഡിജിറ്റലായി ഉറപ്പുവരുത്താന്‍ ഈ സംവിധാനം സഹായിക്കും. യു.പി.ഐ. പേമെന്റ് മേഖലയിലുണ്ടാക്കിയതിനു സമാനമായ വിപ്ലവം പുതിയ പ്ലാറ്റ്‌ഫോം രാജ്യത്തെ വായ്പാ വിതരണ രംഗത്തും സാധ്യമാകുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.
ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ അര്‍ഹരെ കണ്ടെത്താനും വളരെ വേഗത്തില്‍ വായ്പാ തുക ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറാനും യു.എല്‍.ഐയിലൂടെ കഴിയും. ജന്‍ ധന്‍ ആധാര്‍ മൊബൈല്‍ – ജാം, യു.പി.ഐ.,, യു.എല്‍.ഐ. ത്രയം ഇന്ത്യയുടെ ഡിജിറ്റല്‍ ധന വിപണിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിലവിലുള്ള പ്രവര്‍ത്തന സംവിധാനത്തില്‍ മാറ്റം വരുത്താതെ യു.എല്‍.ഐ. വഴി വായ്പ വേഗത്തില്‍ നല്‍കാന്‍ കഴിയും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ക്രെഡിറ്റ് വിശകലന ഏജന്‍സികള്‍ എന്നിവരുടെ കൈവശമുള്ള വിവരങ്ങള്‍ ഡിജിറ്റലായി വിലയിരുത്തി അതിവേഗത്തില്‍ വായ്പ അനുവദിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഡിജിറ്റല്‍ ലെന്‍ഡിങ് ഇന്റര്‍ഫേയ്‌സ്. ഉപയോക്താക്കളുടെ വായ്പാ തിരിച്ചടവ് ശേഷിയും വ്യക്തിഗത പരിശോധനകള്‍ക്കുമുള്ള സമയം ഇതോടെ ഗണ്യമായി കുറയും. ഡിജിറ്റലായി സമര്‍പ്പിക്കുന്ന വായ്പ അപേക്ഷകള്‍ അതിവേഗത്തില്‍ പരിശോധിക്കും.
ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിയുടെ ഉടമസ്ഥത രേഖകള്‍ തുടങ്ങിയ വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിച്ച് വായ്പ അനുവദിക്കുന്ന തരത്തിലാണ് യു.എല്‍.ഐ. പ്രവര്‍ത്തിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി അപേക്ഷയില്‍ തീരുമാനമെടുത്ത് ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറും.