Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.സിപിഎം നേതാവും മുൻ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പത്മകുമാർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.’ഉപ്പുതിന്നവൻ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ പത്മകുമാർ അനുഭവിക്കേണ്ടി വരും.അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ചോദ്യം ചെയ്യുന്നേയുള്ളു. മറ്റ് കുറെ നടപടികൾ ഉണ്ടല്ലോ’ ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.രാവിലെയാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാർ ചോദ്യം ചെയ്യലിനായി എസ്ഐടിക്കു മുന്നിൽ ഹാജരായത്. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.























