Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടികൾ സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കാൻ സർക്കാർ നടപടികൾ തുടങ്ങുന്നു. ലഹരിവിരുദ്ധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം മാർച്ച് 24ന് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും.
ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേരുന്നത്.
ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് തീരുമാനം. എ.ഡി.ജി.പി. മനോജ് എബ്രഹാമിൻ്റെയും എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിൻ്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇരു സേനകളുടെയും ഇൻ്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കും. കൂടാതെ എക്സൈസിൻ്റെ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിന് കൈമാറും.
നിലവില്‍ കര്‍ശന നിരീക്ഷണത്തില്‍ വെയ്ക്കാനുള്ള പട്ടികയില്‍ 997 പേരുണ്ട്. കഴിഞ്ഞ മൂന്നാഴ്ചത്തെ കര്‍ശന പരിശോധനയില്‍ 5,756 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തത്. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഉന്നത ഇദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയും എക്സൈസ് കമ്മീഷണറും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.