Follow the FOURTH PILLAR LIVE channel on WhatsApp
എറണാകുളം: കെ.എസ്.യു. മലപ്പുറം ജില്ലാ സെക്രട്ടറിയെ എറണാകുളം ജില്ലാ പ്രസിഡൻ്റ് തല്ലിച്ചതച്ചതായി സംസ്ഥാന നേതൃത്വത്തിനു രാതി. എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.എം.കൃഷ്ണ ലാലിൻ്റ നേതൃത്വത്തിലുള്ള സംഘം തന്നെ മർദ്ദിച്ചുവെന്നു കാട്ടി മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസാണ് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന് പരാതി നല്കിയത്.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും അവിടത്തെ കെ.എസ്.യു. യൂണിറ്റിൻ്റെ മുൻ പ്രസിഡൻ്റുമാണ് നിയാസ്. കഴിഞ്ഞദിവസം മഹാരാജാസ് കോളേജിൽ നടന്ന സംഘടനയുടെ യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുണ്ടായ തർക്കത്തെ തുടർന്നാണ് മർദ്ദനം.
മുൻ യൂണിറ്റ് പ്രസിഡൻ്റായിരുന്നതിനാലും 5 വർഷം ആ കാമ്പസിൽ പഠിച്ചതിനാലും യൂണിറ്റ് കമ്മിറ്റി നിയാസിനെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. ഫ്രറ്റേണിറ്റി പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഒരു വിദ്യാർത്ഥിയെ പുതിയ യൂണിറ്റ് പ്രസിഡൻ്റായി നിയമിക്കാൻ കെ.എസ്.യു. ജില്ലാ പ്രസിഡൻ്റും എറണാകുളം അസംബ്ലി പ്രസിഡൻ്റും നിർബന്ധിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ഇതിനെ എതിർക്കുകയും പരിചയസമ്പന്നനും കഴിവുള്ളയാളുമായ മുതിർന്ന യൂണിറ്റ് അംഗത്തെ പ്രസിഡൻ്റായി നിർദ്ദേശിക്കുകയും ചെയ്തു. യൂണിറ്റിൻ്റെ മുൻ യൂണിറ്റ് പ്രസിഡൻ്റായ നിയാസും ഈ വിഷയത്തിൽ കോളേജിലെ വിദ്യാർത്ഥികളെ പിന്തുണച്ചു.
ജില്ലാ പ്രസിഡൻ്റ് കെ.എം.കൃഷ്ണലാൽ, ജില്ലാ വൈസ് പ്രസിഡൻ്റ് അമർ മിഷാൽ പല്ലാച്ചി, സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി കെവിൻ കെ.പൗലോസ്, യൂണിറ്റ് സമ്മേളനത്തിനെത്തിയ ജില്ലാ ജനറൽ സെക്രട്ടറിയും എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡൻ്റുമായ സഫ്വാൻ എന്നിവർ യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റിൻ്റെ പ്രഖ്യാപനത്തിൽ അവർ വ്യക്തമായി രോഷാകുലരായിരുന്നു.
സമ്മേളനത്തിനു ശേഷം താൻ കോളേജ് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ യൂണിറ്റിലെ വിദ്യാർത്ഥികളോടൊപ്പം നിൽക്കുമ്പോൾ കൃഷ്ണലാലും സംഘവും ഒരു കാറിൽ വന്ന് ചില വിഷയങ്ങൾ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞതായി നിയാസിൻ്റെ പരാതിയിൽ പറയുന്നു. അവർ നിയാസിനെ അവരുടെ കാറിൽ കയറ്റി കോളേജ് സ്റ്റേഡിയത്തിനടുത്തുള്ള ഒരു വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി.
കൃഷ്ണലാലിൻ്റെയും സംഘത്തിൻ്റെയും ശ്വാസത്തിൽ മദ്യത്തിൻ്റെ ഗന്ധം വ്യക്തമായി മണക്കാൻ കഴിഞ്ഞതായി നിയാസ് ആരോപിച്ചു. നോമ്പിലായിരുന്നപ്പോൾ ഇത് തന്നെ വളരെ അസ്വസ്ഥനാക്കി. പക്ഷേ പ്രസിഡൻ്റിനെയും കൂട്ടാളികളെയും മുമ്പും മോശമായ അവസ്ഥയിൽ കണ്ടതിനാൽ ഇതിൽ അതിശയിക്കാനില്ലായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയപാടെ ജില്ലാ പ്രസിഡൻ്റ് തന്നോട് യൂണിറ്റിലെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. ഈ അവസ്ഥയിൽ അവരോടു സംസാരിക്കാൻ താല്പര്യമില്ലെന്നും നോമ്പ് അനുഷ്ഠിക്കുന്നതിനാൽ ശരിക്കും അവശനാണെന്നും നോമ്പ് തുറക്കാൻ പള്ളിയിലേക്ക് പോകാൻ സമയമായെന്നും നിയാസ് മറുപടി നല്കി.
പെട്ടെന്ന് കെവിൻ, സഫ്വാൻ, അമർ മിഷാൽ എന്നിവർ തന്നെ പിന്നിൽ നിന്ന് ആക്രമിച്ചുവെന്ന് നിയാസ് പരാതിയിൽ പറയുന്നു. അവർ തലയ്ക്ക് പിന്നിൽ പലതവണ ഇടിച്ചു. തുടർന്ന് അമൽ ടോമിയും ചേർന്നു. തന്നെ അസഭ്യം പറയുകയും ആക്രമിക്കാൻ കൂട്ടുകൂടുകയും ചെയ്തു. യൂണിറ്റിനെ പിന്തുണച്ചതിന് അവർ 4 പേരും വളരെ ദേഷ്യപ്പെട്ടു. അവരെല്ലാവരും കുറേ നേരം മാറി മാറി തന്നെ അടിച്ചുവെന്നും നോമ്പു പിടിക്കുന്നതിനാൽത്തന്നെ ക്ഷീണിതനായ താൻ വൈകാതെ റോഡിൽ വീണുപോയെന്നും നിയാസ് പറഞ്ഞു. അപ്പോൾ ജില്ലാ പ്രസിഡൻ്റ് കൃഷ്ണലാൽ മുഖത്ത് തുപ്പിയ ശേഷം എറണാകുളത്തെ കാര്യങ്ങളിൽ ഒരിക്കലും ഇടപെടരുതെന്നും അങ്ങനെ ചെയ്താൽ കൊല്ലുമെന്നു ഭീഷണിപ്പടുത്തിയെന്നും പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ നിയാസ് കെ.പി.സി.സി. പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.