Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ലഷ്‌കര്‍ ഇ തോയ്ബ (എൽ.ഇ.ടി.) ഭീകരൻ അബു ഖത്തല്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പാകിസ്താനിലെ ഝലം സിന്ധിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എൻ.ഐ.എ.) മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉണ്ടായിരുന്ന ഭീകരവാദിയാണ് ഖത്തല്‍. സുരക്ഷാസേനയും സുരക്ഷാ ഏജന്‍സികളും കുറച്ചുകാലങ്ങളായി ഇയാള്‍ക്ക് പിറകിലായിരുന്നു.
ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖത്തല്‍. 2023ലെ രജൗരി ആക്രമണത്തിലും 2024ലെ റിയാസി ബസ് ആക്രമണത്തിലും ജമ്മു കശ്മീരിലെ മറ്റ് മാരകമായ ആക്രമണങ്ങളിലും പങ്കുള്ളതിൻ്റെ പേരിൽ എൻ.ഐ.എയും കരസേനയും ഉൾപ്പെടെയുള്ള ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ പ്രധാന ലക്ഷ്യമായിരുന്നു ഇയാൾ.
26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിൻ്റെ അടുത്ത സഹായിയായിരുന്നു ഖത്തല്‍. ഹാഫിസ് സയിദാണ് എൽ.ഇ.ടിയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്. ഫൈസൽ നദീം എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.
2002-03 കാലഘട്ടത്തിൽ ഇന്ത്യയിൽ നുഴഞ്ഞുകയറി പൂഞ്ച്-രജൗരി മേഖലയിൽ തുടങ്ങിയതാണ് ഖത്തലിൻ്റെ ഭീകര പ്രവർത്തനങ്ങൾ. എൽ.ഇ.ടി., ജെയ്ഷ്-ഇ-മുഹമ്മദ് (ജെ.എം.) പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ പീപ്പിൾസ് ആൻ്റി-ഫാഷിസ്റ്റ് ഫോഴ്‌സ് (പി.എ.എഫ്.എഫ്.), ദ റെസിസ്റ്റൻ്റ് ഫോഴ്‌സ് (ടി.ആർ.എഫ്.) തുടങ്ങിയ സംഘടനകൾ ഇയാൾ സ്ഥാപിച്ചു. 2023 ജനുവരി 7ന് ആഭ്യന്തര മന്ത്രാലയം പി.എ.എഫ്.എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.
ജമ്മു കശ്മീരിലെ ശിവ്‌ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേ 2024 ജൂണ്‍ 9ന് റിയാസി ജില്ലയിലുണ്ടായ ആക്രമണത്തിൻ്റെ സൂത്രധാരനാണ് ഖത്തല്‍. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. 2 വയസ്സുള്ള ഒരു കുഞ്ഞടക്കം 9 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ 10 പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്.
2023 ജനുവരി 1 മുതല്‍ 2 വരെ നടന്ന രാജസ്ഥാനിലെ രജൗരി ആക്രമണത്തിലും ഖത്തലിന് പങ്കുണ്ട്. രജൗരിയിലെ ദാംഗ്രി വില്ലേജിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 2 കുട്ടികളടക്കം 7 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരുക്കേറ്റു.
രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു. ലഷ്‌കര്‍ ഇ തോയ്ബയുടെ 3 ഭീകരര്‍ ഉള്‍പ്പെടെ 5 പേരായിരുന്നു സംഭവത്തിലെ പ്രതികള്‍.