Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് പ്രഖ്യാപിച്ചു. ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിൻ്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിൻ്റെ ഭാഗമായാണ് നടപടി.
വായ്പ എഴുതിത്തള്ളാന്‍ ഓഗസ്റ്റില്‍ ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി 9 വായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടര്‍ന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബാക്കി വായ്പകളും എഴുതിത്തള്ളാന്‍ ബാങ്ക് തീരുമാനിച്ചു.
നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം.ചാക്കോയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ അംഗങ്ങള്‍ക്കായി പരമാവധി 2 ലക്ഷം രൂപ വരെയുള്ള പുതിയ കണ്‍സ്യൂമര്‍- പേഴ്‌സണല്‍ വായ്പാ പദ്ധതി നടപ്പാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷന്‍ തിരഞ്ഞെടുത്ത് നല്‍കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വായ്പകള്‍ നല്‍കുക.
വിവിധ വിഭാഗങ്ങള്‍ | വായ്പയുടെ എണ്ണം | വായ്പ തുക (ലക്ഷത്തില്‍) |
മരണപ്പെട്ടവര്‍ | 10 | 6.63 |
വീട് നഷ്ടപ്പെട്ടവര്‍ | 69 | 139.54 |
സ്ഥലം നഷ്ടപ്പെട്ടവര്‍ | 18 | 40.53 |
സ്ഥാപനം നഷ്ടപ്പെട്ടവര്‍ | 15 | 50.05 |
തൊഴില്‍ നഷ്ടപ്പെട്ടവര്‍ | 40 | 65.53 |
കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ | 16 | 37.51 |
വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവര്‍ | 11 | 28.38 |
കൃഷി നഷ്ടപ്പെട്ടവര്‍ | 3 | 9.96 |
മറ്റുള്ളവ | 25 | 7.75 |
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാര്‍ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.