‘മുത്തു ഗൗ’ വീണ്ടും മുഴങ്ങുന്നു; തേന്മാവിൻ കൊമ്പത്ത് പുതുമികവിൽ ഒക്ടോബർ 8ന്

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാളി പ്രേക്ഷകരുടെ ഓർമയിൽ ഇന്നും പുതുമയോടെ നിൽക്കുന്ന മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണനും അപ്പക്കാളയും വീണ്ടും വെള്ളിത്തിരയിലേക്ക്. പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K അറ്റ്മോസ് മികവിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. പുനഃപ്രദർശനത്തിന് മുന്നോടിയായുള്ള ട്രെയിലറും പുറത്തിറങ്ങി.

ശോഭനയുടെ കാർത്തുമ്പിയും മോഹൻലാലിന്റെ മാണിക്യനും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണനും ശ്രീനിവാസന്റെ അപ്പക്കാളയും ഉൾപ്പെടെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളും പുതിയ ദൃശ്യ-ശ്രവ്യ മികവിൽ വീണ്ടും അനുഭവിക്കാനാകും.

പ്രസിദ്ധി ക്രിയേഷൻസ്, സൂര്യാസിനി ആർട്സ് എന്നീ ബാനറുകളിൽ എൻ.ഗോപാലകൃഷ്ണൻ, മുകേഷ് ആർ.മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം 4K അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ്. ഒക്ടോബർ 8നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു എന്നിവർക്കൊപ്പം ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഗീതാ വിജയൻ, നന്ദു, കെ.ആർ.വത്സല, ഖദീജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ചിത്രത്തിലെ ഏറെ ജനപ്രിയമായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബേണി–ഇഗ്നേഷ്യസ് കൂട്ടുകെട്ടാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനരചന. എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര, സുജാത എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

കെ.വി.ആനന്ദാണ് ഛായാഗ്രഹണം നിർവഹിച്ചത്. എൻ.ഗോപാലകൃഷ്ണൻ ചിത്രസംയോജനവും സാബു സിറിൾ കലാസംവിധാനവും നിർവഹിച്ചു. സച്ചിദാനന്ദനാണ് പ്രൊഡക്‌ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.

കാലം കടന്നിട്ടും സംഭാഷണങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഗാനങ്ങളിലൂടെയും മലയാളിയുടെ ഓർമയിൽ നിറഞ്ഞുനിൽക്കുന്ന ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവിൽ വീണ്ടും എത്തുമ്പോൾ, പഴയ തലമുറയ്ക്ക് ഓർമകളിലേക്കുള്ള മടക്കയാത്രയും പുതിയ തലമുറയ്ക്ക് ഒരു ക്ലാസിക് ചിത്രം വലിയ തിരയിൽ കാണാനുള്ള അവസരവുമാകുകയാണ്.

COMMENTCancel reply

Recent Articles

Related Articles

Special