Follow the FOURTH PILLAR LIVE channel on WhatsApp
ഏഷ്യൻ ഗെയിംസിന്റെ വിജയവേദിയിൽ ഒരു രാജ്യത്തിന്റെ പതാക ഉയരുന്നു. ദേശീയഗാനം മുഴങ്ങുന്നു. മെഡൽപ്പട്ടികയിൽ ആ രാജ്യത്തിന്റെ പേരിനൊപ്പം ഒരു സ്വർണം കൂടി ചേർക്കപ്പെടുന്നു. പക്ഷേ ആ സ്വർണത്തിന് പിന്നിലുള്ള ചോദ്യം ചിലപ്പോൾ അസ്വസ്ഥമാക്കുന്നതാണ്.
ആ താരം എവിടെയാണ് ജനിച്ചത്? ആരാണ് അവരെ കണ്ടെത്തിയത്? ആരാണ് വളർത്തിയത്? ഏത് രാജ്യത്തിന്റെ മണ്ണിലും പരിശീലനസംവിധാനത്തിലുമാണ് അവർ ലോകനിലവാരത്തിലേക്ക് വളർന്നത്? വിജയിക്കാൻ തയ്യാറായശേഷം മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് കൈയിലെത്തിയോ? അങ്ങനെ വന്നാൽ മെഡൽ ആരുടേതാണ്?
ഇത് ഏതെങ്കിലും താരത്തിന്റെ വ്യക്തിപരമായ ദേശസ്നേഹത്തെ ചോദ്യംചെയ്യാനുള്ള വിഷയമല്ല. മെച്ചപ്പെട്ട ജീവിതവും സാമ്പത്തികസുരക്ഷയും പരിശീലനസൗകര്യവും തേടി രാജ്യം മാറാനുള്ള ഒരു കായികതാരത്തിന്റെ അവകാശത്തെ കുറ്റപ്പെടുത്താനും കഴിയില്ല.
ചോദ്യം മറ്റൊന്നാണ്. സമ്പന്ന രാജ്യങ്ങൾ സ്വന്തം കായികസംവിധാനം വളർത്തുന്നതിനുപകരം ലോകത്തിന്റെ മറ്റൊരു ഭാഗത്ത് രൂപപ്പെട്ടുകഴിഞ്ഞ പ്രതിഭകളെ പൗരത്വം നൽകി ദേശീയ ടീമിലേക്ക് കൊണ്ടുവരുന്നത് എത്രത്തോളം കായികനീതിയാണ്? അതാണ് ഇപ്പോഴത്തെ ഏഷ്യൻ അത്‌ലറ്റിക്സിലെ ഏറ്റവും അസൗകര്യകരമായ ചോദ്യങ്ങളിലൊന്ന്.
അത്‌ലറ്റിക്സിൽ ഇതിന് ഔദ്യോഗികമായൊരു പേരുണ്ട് — Transfer of Allegiance. ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്ത താരം പിന്നീട് മറ്റൊരു രാജ്യത്തിനുവേണ്ടി ഇറങ്ങുന്നതിനുള്ള സംവിധാനം. ഇത് നിയമവിരുദ്ധമല്ല. വേൾഡ് അത്‌ലറ്റിക്സിന്റെ ചട്ടങ്ങൾക്ക് വിധേയമായാണ് നടക്കുന്നത്.
എന്നാൽ ഈ സംവിധാനത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് ലോക അത്‌ലറ്റിക്സ് തന്നെ വർഷങ്ങളായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2017ൽ രാജ്യാന്തര പൗരത്വമാറ്റങ്ങൾ താൽക്കാലികമായി മരവിപ്പിച്ചപ്പോൾ വേൾഡ് അത്‌ലറ്റിക്സ് പറഞ്ഞത് ‘athlete trafficking’ വളരുന്ന പ്രശ്നമാണെന്നായിരുന്നു. പിന്നീട് നിയമം കർശനമാക്കി. മറ്റൊരു രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ സാധാരണയായി കുറഞ്ഞത് മൂന്നുവർഷത്തെ കാത്തിരിപ്പ്, പൂർണ പൗരത്വം, വിശ്വസനീയമായ ബന്ധം തുടങ്ങിയ നിബന്ധനകൾ വന്നു. ഒരാൾക്ക് കരിയറിൽ ഒരിക്കൽ മാത്രമേ ഇത്തരത്തിൽ പ്രതിനിധാനം മാറ്റാനാകൂ എന്ന നിയന്ത്രണവും ഏർപ്പെടുത്തി.
2026ൽ ഈ സമീപനം കൂടുതൽ കടുപ്പിച്ചതിന്റെ തെളിവും വന്നു. തുർക്കിയിലേക്ക് മാറാൻ അപേക്ഷിച്ച 11 അത്‌ലറ്റുകളുടെ അപേക്ഷ വേൾഡ് അത്‌ലറ്റിക്സ് നിരസിച്ചു. വിദേശ താരങ്ങളെ ആകർഷിക്കാൻ തുർക്കി സർക്കാർ ഏകോപിത റിക്രൂട്ടിങ് പദ്ധതി നടപ്പാക്കുന്നുവെന്നും വൻ സാമ്പത്തിക വാഗ്ദാനങ്ങൾ അതിന്റെ ഭാഗമാണെന്നും കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. കായികരംഗത്തിന്റെ സമഗ്രതയ്ക്കും പ്രാദേശിക പ്രതിഭാവികസനത്തിനും ഇത്തരം പദ്ധതികൾ ഭീഷണിയാകാമെന്നായിരുന്നു വിലയിരുത്തൽ.
അതായത് ചോദ്യം ഇന്ത്യ മാത്രം ഉയർത്തുന്നതല്ല. ലോക അത്‌ലറ്റിക്സ് തന്നെ അതിന്റെ അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ചർച്ചയുടെ ഏറ്റവും ശ്രദ്ധേയമായ ഏഷ്യൻ ഉദാഹരണമാണ് ബഹ്റൈൻ. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ നേടിയത് 26 മെഡലുകൾ. അതിൽ 25 എണ്ണം അത്‌ലറ്റിക്സിൽ. 12 സ്വർണവും അത്‌ലറ്റിക്സിൽ നിന്നുതന്നെ. ആ വിജയപ്പട്ടികയിലെ നിരവധി പ്രമുഖ താരങ്ങൾ ബഹ്റൈനിന് പുറത്തു ജനിച്ചവരായിരുന്നു.
നൈജീരിയയിൽ ജനിച്ച എഡിഡിയോങ് ഒഡിയോങ് 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടി; 4×100 മീറ്റർ റിലേ സ്വർണത്തിലും പങ്കാളിയായി. കെനിയയിൽ ജനിച്ച വിൻഫ്രഡ് യാവി പിന്നീട് ബഹ്റൈനുവേണ്ടി ലോക-ഒളിമ്പിക് ചാമ്പ്യനായി. 2026 ഐച്ചി–നാഗോയ ഏഷ്യൻ ഗെയിംസിലും അവർ 10,000 മീറ്ററിലും 3000 മീറ്റർ സ്റ്റീപ്പിൾചേസിലും സ്വർണം നേടി. എത്യോപ്യൻ വംശജനായ ബിർഹാനു ബലേവും ബഹ്റൈന്റെ പ്രമുഖ ദീർഘദൂര താരങ്ങളിലൊരാളാണ്.
ഇവിടെ ആരുടെയും കഴിവിനെ ചെറുതാക്കാനാവില്ല. അവർ ലോകനിലവാരത്തിലുള്ള കായികതാരങ്ങളാണ്. പക്ഷേ അതുതന്നെയാണ് പ്രശ്നവും. തയ്യാറായ ലോകനിലവാരമുള്ള പ്രതിഭയെ ഒരു ദേശീയ ടീമിലേക്ക് ചേർക്കുന്നതാണോ ഒരു രാജ്യത്തിന്റെ കായികവികസനം?
2018ലെ വനിതകളുടെ 400 മീറ്റർ ഓർക്കുക. ബഹ്റൈന്റെ സൽവ ഈദ് നാസർ 50.09 സെക്കൻഡിൽ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. ഇന്ത്യയുടെ ഹിമ ദാസ് 50.79 സെക്കൻഡിൽ വെള്ളി നേടി. സൽവ നൈജീരിയയിലാണ് ജനിച്ചത്. അവർ ചെറുപ്പത്തിൽ തന്നെ ബഹ്റൈനിലേക്ക് മാറിയെന്ന ന്യായം പറയുന്നു. പക്ഷേ അവരുടെ ഉദാഹരണം ബഹ്റൈൻ ടീമിന്റെ രാജ്യാന്തരസ്വഭാവം വ്യക്തമാക്കുന്നു. ഈ ഐച്ചി–നാഗോയ ഗെയിംസിൽ അവർ വീണ്ടും 400 മീറ്ററിൽ 49.20 സെക്കൻഡോടെ ഗെയിംസ് റെക്കോഡ് സ്ഥാപിച്ച് സ്വർണം നേടി.
സൽവ ഈദ് നാസറിന് വിലക്കും നേരിട്ടിട്ടുണ്ട്. ഡോപ്പിങ് പരിശോധനയ്ക്കായി താൻ എവിടെയുണ്ടാകുമെന്ന് കൃത്യമായി രേഖപ്പെടുത്തുകയും പരിശോധനാസമയത്ത് അവിടെ ലഭ്യമാകുകയും ചെയ്യേണ്ട ‘whereabouts’ ചട്ടം ലംഘിച്ചതിനാണ് കേസ്. അവരുടെ നീക്കങ്ങൾ സംശയാസ്പദമാണെന്നു സാരം. 2019–20 കാലയളവിലെ നിരവധി പരിശോധനാപരാജയങ്ങളുമായി ബന്ധപ്പെട്ട കേസിൽ കായിക മധ്യസ്ഥ കോടതി 2021 ജൂണിൽ 2 വർഷത്തെ വിലക്ക് വിധിച്ചു. നേരത്തേ അനുഭവിച്ച താൽക്കാലിക വിലക്കിന്റെ കാലം കണക്കിലെടുത്ത് അത് 2023 ഫെബ്രുവരി വരെ നീണ്ടു. ഇതുകൊണ്ടാണ് ടോക്യോ ഒളിമ്പിക്സും 2022 ലോകചാമ്പ്യൻഷിപ്പും അവർക്ക് നഷ്ടമായത്.
2026ലെ വനിതാ 1500 മീറ്ററിൽ ബഹ്റൈന്റെ നെല്ലി ജെപ്കോസ്ഗെ കോറിർ 4:04.50 സെക്കൻഡിൽ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. ചൈനയുടെ ലി ചുൻഹുയി രണ്ടാമതായി; ഇന്ത്യയുടെ പാരുൾ ചൗധരി നാലാമതായി. നെല്ലി ആദ്യം കെനിയയെ പ്രതിനിധാനം ചെയ്ത താരമാണ്. 2010 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും 2011 ആഫ്രിക്കൻ ഗെയിംസിലും കെനിയയ്ക്കായി മത്സരിച്ചു. വേൾഡ് അത്‌ലറ്റിക്സിന്റെ രേഖപ്രകാരം 2017 മാർച്ച് വരെ അവർ കെനിയൻ താരമായിരുന്നു; 2021 ഓഗസ്റ്റ് 13 മുതൽ ബഹ്റൈനുവേണ്ടി മത്സരിക്കാൻ അനുമതി ലഭിച്ചു.
ഇതാണ് Transfer of Allegiance എന്ന സംവിധാനത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം. ഒരു രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര വേദിയിൽ വളർന്ന താരം പിന്നീട് മറ്റൊരു പതാകയ്ക്കുകീഴിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നു. നിയമപരമാണ്. പക്ഷേ നിയമപരമായതെല്ലാം കായികപരമായി ആരോഗ്യകരമാണോ എന്നതാണ് ചോദ്യം.
2026 ഏഷ്യൻ ഗെയിംസ് 4×400 മീറ്റർ മിക്സഡ് റിലേയിൽ ബഹ്റൈൻ 3:12.87 എന്ന ഗെയിംസ് റെക്കോഡിൽ സ്വർണം നേടി. ഇന്ത്യ 3:14.46ൽ വെള്ളി. ഇന്ത്യൻ സംഘത്തിൽ മലയാളിയായ മനു ടി.എസ്., എം.ആർ.പൂവമ്മ, വിശാൽ തെന്നരസു, വിത്യ രാമരാജ് എന്നിവരായിരുന്നു. ഇന്ത്യയുടെ മെഡലിന് പിന്നിലെ കഥയും ശ്രദ്ധിക്കണം. ഇവിടെ വളർന്ന താരങ്ങൾ. ഇവിടെ പരിശീലിച്ചവർ. ദേശീയ ക്യാമ്പുകളിലൂടെ വന്നവർ. പരിക്കുകളോടും പരിമിതികളോടും പൊരുതി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നവർ.
അവരുടെ മുന്നിൽ സാമ്പത്തികമായി ശക്തമായ ഒരു രാജ്യത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച പ്രതിഭകളെ ഒരുമിച്ച് നിർത്താനാകുമ്പോൾ മത്സരം ഒരേ തലത്തിലാണോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു മലയാളി കുട്ടി ജില്ലാ മീറ്റിൽനിന്ന് സംസ്ഥാനത്തിലേക്കും ദേശീയത്തിലേക്കും വർഷങ്ങളെടുത്തു വളരുമ്പോൾ, മറ്റൊരു രാജ്യത്തിന് തയ്യാറായ അന്താരാഷ്ട്ര താരത്തെ ദേശീയസംഘത്തിലേക്ക് ചേർക്കാം. അത് നിയമം അനുവദിച്ചാലും കായികവികസനത്തിന്റെ അർഥം തന്നെ മറിച്ചിടുന്ന മാതൃകയായി മാറരുത്.
ഇവിടെ ഇന്ത്യയോ കെനിയയോ മാത്രം ഇരയല്ല. വിദേശ താരങ്ങളെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സ്വന്തം കുട്ടികളും നഷ്ടപ്പെടുന്നവരാണ്. ദേശീയ ജേഴ്‌സിയിൽ നാല് സ്ഥാനമുണ്ടെങ്കിൽ അവയിൽ ഭൂരിഭാഗവും പുറത്തുനിന്നെത്തിയ മുതിർന്ന താരങ്ങൾക്ക് നൽകിയാൽ, ആ രാജ്യത്തെ സ്കൂളിൽനിന്നും ക്ലബ്ബിൽനിന്നും വളരുന്ന ഒരു കുട്ടിയുടെ വഴി എവിടെയാണ്?
രാജ്യത്തിന് മെഡൽ കിട്ടും. പക്ഷേ കായികസംസ്കാരം ഉണ്ടാകുമോ? മെഡൽപ്പട്ടിക ഉയരും. പക്ഷേ നാട്ടിലെ പരിശീലനസംവിധാനം വളരുമോ? ഒരു രാജ്യത്തിന്റെ കായികശക്തിയുടെ അളവ് അതിന്റെ പാസ്പോർട്ടുള്ള മെഡലുകളുടെ എണ്ണമല്ല. സ്വന്തം മണ്ണിൽനിന്ന് എത്ര കുട്ടികളെ ലോകനിലവാരത്തിലേക്ക് വളർത്തിയെടുക്കുന്നു എന്നതാണ്. അല്ലെങ്കിൽ കായികവികസനം ഒരു ഇറക്കുമതി വ്യാപാരമായി മാറും.
2024 ഓഗസ്റ്റിൽ വേൾഡ് അത്‌ലറ്റിക്സ് ബഹ്റൈൻ അത്‌ലറ്റിക്സ് അസോസിയേഷനെതിരെ അസാധാരണമായ നടപടികൾ പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിൽ 2 ബഹ്റൈൻ താരങ്ങൾ നടത്തിയ ഗുരുതര രക്തമാറ്റ ഡോപ്പിങ് നിയമലംഘനങ്ങളും, വിലക്കപ്പെട്ട ഒരു പരിശീലകനെ ദേശീയ ടീമിനൊപ്പം പ്രവർത്തിപ്പിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾക്കുശേഷമായിരുന്നു Athletics Integrity Unit അന്വേഷണം. ബഹ്റൈൻ ഫെഡറേഷൻ കുറ്റങ്ങൾ അംഗീകരിച്ചു. ഫലം? 2027 വരെ പുതിയ Transfer of Allegiance അപേക്ഷകൾ നൽകാനോ വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്യാനോ ബഹ്റൈന് കഴിയില്ല. അതോടൊപ്പം 4 വർഷംകൊണ്ട് 7.3 ദശലക്ഷം ഡോളർ വരെ ആന്റി-ഡോപ്പിങ്, കായിക സമഗ്രതാ സംവിധാനങ്ങൾക്കായി ചെലവഴിക്കാനും നിർദേശം നൽകി. പുതിയ വിദേശ റിക്രൂട്ട്മെന്റിന് 2027 വരെ വിലക്ക് ഏർപ്പെടുത്തിയെന്നത് ബഹ്റൈന്റെ അത്‌ലറ്റിക് മാതൃകയെ നിയന്ത്രിക്കുന്ന ഗുരുതര നടപടിയാണ്.
ഫുട്ബോളിൽ ഫിഫയ്ക്കും ദേശീയ അസോസിയേഷൻ മാറ്റാനുള്ള സംവിധാനം ഉണ്ട്. അതിന് ഏറെ നൂലാമാലകൾ ഉണ്ടെന്നു മാത്രം. പൗരത്വം മാത്രം പോര; ജനനം, വംശപരമ്പര, താമസം തുടങ്ങിയവയിലൂടെ ‘genuine link’ തെളിയിക്കേണ്ട സാഹചര്യങ്ങളുണ്ട്. 2026ൽ ഫിഫ തന്നെ ഈ മാനദണ്ഡങ്ങളെക്കുറിച്ച് പുതുക്കിയ വിശദീകരണം പുറത്തിറക്കി. ചോദ്യം എല്ലായിടത്തും ഒന്നുതന്നെ — ദേശീയ ടീമെന്ന ആശയത്തിന് യഥാർത്ഥ ദേശീയബന്ധം എത്രത്തോളം വേണം?
ഇവിടെ കെനിയക്കാരനോ നൈജീരിയക്കാരനോ എത്യോപ്യക്കാരനോ പ്രതിയല്ല. ദാരിദ്ര്യത്തിൽനിന്നോ പരിമിതമായ സൗകര്യങ്ങളിൽനിന്നോ വന്ന ഒരു കായികതാരം മികച്ച ശമ്പളവും പരിശീലനവും ജീവിതസുരക്ഷയും ലഭിക്കുന്ന രാജ്യത്തേക്ക് പോകുന്നത് മനസ്സിലാക്കാവുന്നതാണ്. പലർക്കും അത് കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റുന്ന തീരുമാനമായിരിക്കും. അതുകൊണ്ട് താരത്തെ കുറ്റവാളിയാക്കുന്നത് എളുപ്പവും തെറ്റുമാണ്. ചോദ്യം സംവിധാനത്തോടാണ്.
കോടികൾ മുടക്കി ഒരു സ്പോർട്സ് അക്കാദമി നിർമ്മിക്കാം. കുട്ടികളെ കണ്ടെത്താം. 10 വർഷം പരിശീലിപ്പിക്കാം. പരാജയപ്പെടാം. വീണ്ടും ശ്രമിക്കാം. അതാണ് കായികവികസനം. അതിനു പകരം ലോകത്തിന്റെ മറ്റൊരു കോണിൽ മറ്റൊരു രാജ്യത്തിന്റെ സംവിധാനത്തിൽ വളർന്ന് ലോകനിലവാരത്തിലെത്തിയ ഒരു താരത്തിന് പാസ്പോർട്ട് നൽകി അടുത്ത ഏഷ്യൻ ഗെയിംസിൽ ഇറക്കുക എളുപ്പവഴിയാണ്. മെഡൽ കിട്ടും. പക്ഷേ ആ മെഡലിന് പിന്നിൽ തലമുറകളെ വളർത്തിയ ഒരു ദേശീയ കായികസംവിധാനത്തിന്റെ കഥ ഉണ്ടാകണമെന്നില്ല.
രാജ്യാന്തര കായികമേളയുടെ സൗന്ദര്യം ഓരോ രാജ്യത്തിന്റെയും കായികസംസ്കാരങ്ങൾ തമ്മിലുള്ള മത്സരത്തിലാണ്. കെനിയ ദീർഘദൂര ഓട്ടക്കാരെ വളർത്തുന്നു. ജമൈക്ക സ്പ്രിന്റർമാരെ. ജപ്പാൻ സ്വന്തം ശാസ്ത്രീയ സംവിധാനത്തിലൂടെ താരങ്ങളെ ഉയർത്തുന്നു. ഇന്ത്യ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അത്‌ലറ്റിക്സിൽ പുതിയ തലമുറയെ സൃഷ്ടിക്കുന്നു. അതിന്റെ നടുവിൽ പണത്തിന്റെ കരുത്ത് കൊണ്ട് ആഗോള പ്രതിഭകളെ ഒരൊറ്റ ദേശീയ ജഴ്‌സിക്ക് കീഴിൽ കൂട്ടിയിണക്കുമ്പോൾ മത്സരത്തിന്റെ അടിസ്ഥാനതത്വത്തെക്കുറിച്ച് ചോദ്യമുയരുക സ്വാഭാവികമാണ്.
വേൾഡ് അത്‌ലറ്റിക്സ് പുതിയ നിയമങ്ങളിലൂടെ പറയുന്നതും അതുതന്നെയാണ്: പാസ്പോർട്ട് മാത്രം മതിയാകില്ല; യഥാർത്ഥ ബന്ധവും പരിശോധനയും നിയന്ത്രണവും വേണം. 2026ൽ തുർക്കിയുടെ 11 അപേക്ഷകൾ നിരസിച്ചത് ആ മാറ്റത്തിന്റെ ഏറ്റവും പുതിയ തെളിവാണ്. അതുകൊണ്ട് ഒരു ഏഷ്യൻ ഗെയിംസ് പോഡിയത്തിൽ മെഡൽ എണ്ണുമ്പോൾ ഇനി ഒരു കണക്ക് കൂടി നോക്കണം. എത്ര സ്വർണം നേടി എന്നത് മാത്രമല്ല. ആ സ്വർണം സൃഷ്ടിച്ചത് ഏത് രാജ്യത്തിന്റെ കായികസംവിധാനമാണ്?
പാസ്പോർട്ടിന് വില നിശ്ചയിക്കാം. ജേഴ്‌സി മാറ്റാം. പതാക മാറ്റാം. പക്ഷേ മറ്റൊരു നാട്ടിലെ മണ്ണിലും വിയർപ്പിലും വർഷങ്ങളെടുത്ത് രൂപപ്പെട്ട പ്രതിഭയെ സ്വന്തമാക്കിയതുകൊണ്ട് മാത്രം ഒരു രാജ്യത്തിന് കായികപാരമ്പര്യം വാങ്ങാനാകില്ല. സ്വർണം കഴുത്തിലിടാം; കായികസംസ്കാരം വില കൊടുത്ത് വാങ്ങാനാവില്ല.






























