ആധുനിക ഫുട്ബോളിലെ ഏറ്റവും ക്രൂരമായ കൊലപാതകം ജർമനിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ഒരു എവേ മത്സരത്തിനായി ടീമിനൊപ്പം യാത്ര ചെയ്ത യുവ ഫുട്ബോൾ താരം. മത്സരം കഴിഞ്ഞതിന് പിന്നാലെ ബോധരഹിതനായി വീഴുന്നു. ആദ്യം ഭക്ഷ്യവിഷബാധയെന്ന സംശയം. ചികിത്സയ്ക്കിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഒന്നൊന്നായി തകരാറിലാകുന്നു. പിന്നാലെ മരണം. അസ്വാഭാവിക മരണമായി രേഖപ്പെടുത്തിയ സംഭവം ഒരു വർഷത്തിന് ശേഷം കൊലപാതകക്കേസായി മാറിയിരിക്കുകയാണ്.

ജർമനിയിലെ ഹെസ്സെ സംസ്ഥാനത്തെ അമച്വർ ക്ലബ്ബായ ടുസ് റോക്കൻബെർഗിലെ 30 വയസ്സുകാരനായ അമേരിക്കൻ–ജർമൻ ഫുട്ബോൾ താരം എൽ.ഫിലിപ്പിന്റെ മരണത്തിലാണ് സഹതാരമായ 35 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. 2026 സെപ്റ്റംബർ 1ന് ഗീസെൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും സെൻട്രൽ ഹെസ്സെ പോലീസ് ആസ്ഥാനവും ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2025 ജൂണിലായിരുന്നു സംഭവങ്ങളുടെ തുടക്കം. എവേ മത്സരത്തിനായി ടീമിനൊപ്പം പോയ ഫിലിപ്പ് മത്സരം കഴിഞ്ഞതിന് പിന്നാലെ ഗുരുതരമായി അസ്വസ്ഥനാവുകയും ബോധരഹിതനായി വീഴുകയും ചെയ്തു. ആദ്യഘട്ട പരിശോധനയിൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയാണ് പരിഗണിച്ചത്. എന്നാൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചിട്ടും ആരോഗ്യനില അതിവേഗം വഷളായി. ഒന്നിനുപിറകെ ഒന്നായി ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരുകയും ഒടുവിൽ മരണം സംഭവിക്കുകയും ചെയ്തു.

ശരീരത്തിൽ അതീവ മാരകമായ വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മരണം അസ്വാഭാവികമാണെന്ന് രേഖപ്പെടുത്തി. എന്നാൽ അന്ന് ആരെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ അന്വേഷണസംഘത്തിനായില്ല. ടീമിനകത്ത് ഫിലിപ്പിന് വ്യക്തമായ ശത്രുക്കളോ വൈരാഗ്യമുള്ളവരോ ഉണ്ടായിരുന്നില്ലെന്നതും അന്വേഷണം സങ്കീർണമാക്കി.

അന്വേഷണത്തിന് പിന്നീട് നിർണായകമായത് മരണത്തിനിടയാക്കിയ വിഷവസ്തുവിന്റെ സ്വഭാവമായിരുന്നു. ഒരു പൊലിസ് ഉദ്യോഗസ്ഥൻ അന്നത്തെ വിഷ സാമ്പിളുകൾ ശേഖരിക്കുകയും സ്വകാര്യ രഹസ്യ അന്വേഷണം തുടരുകയും ചെയ്തു. മരണ കാരണമായ വിഷം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകാത്ത തരത്തിലുള്ളതാണെന്ന സാഹചര്യം ആണ് അന്വേഷണത്തിന് വഴിവച്ചത്. സംഭവസമയത്ത് ശേഖരിച്ച സാമ്പിളുകളും അനുബന്ധ വിവരങ്ങളും വീണ്ടും പരിശോധിച്ചതോടെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങി. ടീമിനകത്തുനിന്നുതന്നെ വിഷം ലഭ്യമാക്കിയിരിക്കാമെന്ന സംശയവും ശക്തമായി.

തുടർന്ന് 35 വയസ്സുകാരനായ സഹതാരം മാറിയോസിലേക്കാണ് അന്വേഷണം എത്തിയത്. മത്സരദിവസം ഫിലിപ്പിന്റെ പാനീയത്തിൽ മാറിയോസ് രഹസ്യമായി വിഷം കലർത്തുകയായിരുന്നു എന്നാണ് അന്വേഷകരുടെ നിഗമനം. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മരണത്തിനിടയാക്കിയ വിഷവസ്തു സ്വന്തമാക്കിയതുമായി ബന്ധമുള്ള രേഖകളും കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ 1ന് അറസ്റ്റ് നടന്നത്. കുറ്റകൃത്യത്തിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമോ അസൂയയോ ഉണ്ടായിരിക്കാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാൽ കൃത്യമായ പ്രേരണ എന്താണെന്നത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മരണത്തിനിടയാക്കിയ വിഷവസ്തു ഏതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അന്വേഷണത്തിന്റെ താൽപര്യം മുൻനിർത്തി അതിന്റെ പേരും വിഷം ഉപയോഗിച്ച രീതിയുടെ മുഴുവൻ വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്തിനാണ് സഹതാരത്തെ കൊലപ്പെടുത്തിയതെന്ന ചോദ്യത്തിനും ഇതുവരെ ഔദ്യോഗിക മറുപടിയില്ല. അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ ആരോപണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നാണ് വിവരം. നിലവിൽ ഇയാൾ വിചാരണയ്ക്കുമുമ്പുള്ള തടങ്കലിലാണ്.

ഫിലിപ്പിന്റെ മരണസമയത്ത് ടീമിനകത്ത് വലിയ വൈരാഗ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന ധാരണയാണ് അന്വേഷണത്തെ ആദ്യഘട്ടത്തിൽ കുഴക്കിയത്. അതുകൊണ്ടുതന്നെ ഒരു വർഷത്തിന് ശേഷം സഹതാരം തന്നെ പ്രതിയായി അറസ്റ്റിലായത് ക്ലബ്ബിനെയും പ്രാദേശിക ഫുട്ബോൾ സമൂഹത്തെയും ഞെട്ടിച്ചിട്ടുണ്ട്.

ഒരു സാധാരണ അമച്വർ ലീഗ് മത്സരത്തിൽനിന്ന് തുടങ്ങിയ യാത്ര, ആശുപത്രിയിലേക്കും അവിടെനിന്ന് മരണത്തിലേക്കും ഒടുവിൽ കൊലപാതക അന്വേഷണത്തിലേക്കും നീണ്ടു. മത്സരദിവസം സഹതാരത്തിന്റെ പാനീയത്തിൽ വിഷം കലർത്തിയെന്ന ആരോപണം തെളിയുകയാണെങ്കിൽ, ജർമൻ അമച്വർ ഫുട്ബോളിലെ ഏറ്റവും ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളിലൊന്നായി ഈ കേസ് മാറും.

COMMENTCancel reply

Recent Articles

Related Articles

Special