Follow the FOURTH PILLAR LIVE channel on WhatsApp
ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കടലാടും സീമയിലേ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിമിഷ സജയനും തമിഴ് നടൻ കരുണാസുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാർത്തിക് നേത എഴുതിയ വരികൾക്ക് സാം സി.എസ്. സംഗീതം പകർന്നിരിക്കുന്നു. ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും നിർമാതാവുമായ ജി.വി.പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് അടുത്തിടെ മ്യൂസിക് ലേബൽ സ്വന്തമാക്കിയിരുന്നു.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ സജീവ് പാഴൂരിന്റെ പുതിയ സംവിധാന സംരംഭമാണ് ‘എന്ന വിലൈ’. സാമൂഹിക-രാഷ്ട്രീയ ത്രില്ലർ സ്വഭാവമുള്ള കുടുംബകഥയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി., അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബറിൽ ആഗോള റിലീസായെത്തുന്ന ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
16ാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ‘എന്ന വിലൈ’ നേടിയിട്ടുണ്ട്. വൈകാരികതയ്ക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെയും സസ്പെൻസിനെയും കൂട്ടിച്ചേർത്താണ് കഥ പറയുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
രാമേശ്വരം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി 3 ഷെഡ്യൂളുകളിലാണ് പൂർത്തിയാക്കിയത്. വലിയ തിയേറ്റർ അനുഭവം ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു.
നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ.ജി.മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്.കവി, മോഹൻ റാം, നിഴൽഗൾ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ.ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ.കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാളത്തിലെ ശ്രദ്ധേയരായ സാങ്കേതികപ്രവർത്തകരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആൽബി ആന്റണി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് ചിത്രസംയോജനവും നിർവഹിക്കുന്നു. കെ.ശിവകൃഷ്ണ കലാസംവിധാനവും പി.സി. സ്റ്റണ്ട്സ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
രതീഷ് കോ-ഡയറക്ടറാണ്. ആർ. മുരുഗാനന്ദം വസ്ത്രാലങ്കാരവും വി.ദിനേഷ് കുമാർ മേക്കപ്പും നിർവഹിക്കുന്നു. സൽമാൻ കെ.എം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. കാർത്തിക് എ.കെ. സ്റ്റിൽസും ആർ. രാജീവ് ഗാന്ധി, പി. കാർത്തി എന്നിവർ പ്രൊഡക്ഷൻ മാനേജ്മെന്റും കൈകാര്യം ചെയ്യുന്നു. എം.ശിവകുമാറാണ് പ്രൊഡക്ഷൻ കൺട്രോളർ.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘എന്ന വിലൈ’ സെപ്റ്റംബറിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.





























